കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ മികവ്: മുഖ്യമന്ത്രി

single-img
3 August 2020

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ 102 ഗ്രാമപഞ്ചായത്തുകളിലെ, പ്രാദേശിക കേന്ദ്രങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയാണ്‌ ഉറപ്പാക്കാൻ കഴിയുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയതോതിലുള്ള ജീവനാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ആരോഗ്യരംഗം ഇതിനകം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആരോഗ്യരംഗത്തെ കൂടുതൽ മികച്ചതാക്കുയെന്ന ലക്ഷ്യത്തോടെയാണ് ആർദ്രം മിഷൻ ആരംഭിച്ചത്. ജനപങ്കാളിത്തത്തോടെ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷനുകൾ ആരംഭിച്ചത്. ജന പങ്കാളിത്തം ഉറപ്പു വരുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് മിഷനുകൾ മുഖേന ഓരോ പ്രദേശത്തെയും പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതികളിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആണ്. ആദ്യഘട്ടത്തിലും തുടർന്ന് ഇപ്പോഴുള്ള 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പദ്ധതി പൂർത്തീകരണത്തിനായി ജനപങ്കാളിത്തം ലഭിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ ജനപങ്കാളിത്തം ഉറപ്പു വരുത്താൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച രീതിയിലുള്ള ജനപങ്കാളിത്തം ചിലയിടങ്ങളിൽ ലഭിച്ചിട്ടില്ല. കൃത്യമായ സമയത്ത് ഇവ പൂർത്തീകരിക്കണമെങ്കിൽ ആളുകളുടെ സഹകരണം കൂടിയേ തീരൂയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിലും ജനപങ്കാളിത്തം പലഘട്ടങ്ങളിലും സഹായകമായിട്ടുണ്ട്. കേരളത്തിലെ മികച്ച ആസൂത്രണത്തിന്റെ ഫലമായി നന്നായി പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് ഈ സന്ദർഭത്തിൽ സഹായകമായത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാദേശികമായി ജനങ്ങളുടെ ആരോഗ്യത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിലും ചികിത്സയ്ക്ക് വലിയ സൗകര്യം ഉണ്ടെങ്കിലും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ചികിത്സ ലഭ്യമല്ല. എന്നാൽ കേരളത്തിൽ ഏത് ഗ്രാമീണ മേഖലയിലും ചികിത്സ ലഭ്യമാക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രവും കുടുംബ ആരോഗ്യ കേന്ദ്രങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരിയെ നേരിടുന്നതിനായി വലിയതോതിലുള്ള പിന്തുണ എല്ലാവരും നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് സംവിധാനങ്ങൾ, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, സന്നദ്ധ വളണ്ടിയർമാർ, എന്നിവർ ആരോഗ്യവകുപ്പുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായതുകൊണ്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

706 ഡോക്ടർമാരാണ് ഒറ്റദിവസം ഇതിന്റെ ഭാഗമായി നിയമിച്ചത്. കാസർഗോഡ് -കർണാടക അതിർത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ കോളേജ് സജ്ജമാക്കാൻ കഴിഞ്ഞു. 6800 ലധികം താൽക്കാലിക തസ്തികളിൽ സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തി. വേതനവും വർധിപ്പിച്ചു.

രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ചികിത്സാ കേന്ദ്രങ്ങളും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനാലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ പൂർണ്ണ ചുമതല. ഈ കേന്ദ്രങ്ങളിലേക്ക് വേണ്ട കട്ടിലും കിടക്കയും അടക്കം എത്തിക്കാൻ നാട്ടുകാരും മുൻപിൽ നിന്നു. ഈ മാതൃകകൾ ഇനിയും തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ക്വാറന്റൈൻ മാനദണ്ഡങ്ങൾ കൃത്യമായി പൂർത്തിയാക്കുക, ശാരീരിക അകലം പാലിക്കുക, പരമാവധി ആളുകൾ പുറത്തിറങ്ങാതെ ഇരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുക. വരും ദിവസങ്ങളിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. അലംഭാവം ഇല്ലാതെ മുഴുവനാളുകളും ഇതിനോട് സഹകരിക്കണം. ചിലരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറിയതുകൊണ്ടാണ് ഇന്ന് ഈ സ്ഥിതി വന്നുചേർന്നത്. അതിനാൽ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായി നിർദേശങ്ങൾ പാലിച്ച് ഗൗരവ ബോധത്തോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഓൺലൈനായി നടന്ന പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷയായി. പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ-സാംസ്ക്കാരിക- പാർലമെന്ററി കാര്യ വകുപ്പ് എ.കെ ബാലൻ മുഖ്യാതിഥിയായി. പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.