നാണയം ആമാശയത്തിലെത്തിയാൽ മരണം സംഭവിക്കില്ല, പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണ്ണായകം

single-img
3 August 2020

കുട്ടി നാണയം വിഴുങ്ങി മരിചച് കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. കുട്ടിയുടെ പരിശോധനാ പ്രക്രിയയിലോ രോ​ഗ നിഗമനത്തിലോ യാതൊരു പിഴവുമുണ്ടായിട്ടില്ലെന്നാണ് സർക്കാർ മേഖലയിലെയും സ്വകാര്യ രം​ഗത്തെയും ഡോക്ടർമാരുടെ വിലയിരുത്തൽ. കുട്ടി വിഴുങ്ങിയ നാണയം ആമാശയത്തിലെത്തിയതിനാൽ ഇതു മരണകാരണമാകില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മരണകാരണം വ്യക്തമാകില്ലെന്നാണു ഡോക്ടർമാർ പറഞ്ഞു. 

തൊണ്ടയിലോ ശ്വാസനാളത്തിലോ നാണയം കുടുങ്ങിയാലാണ് അടിയന്തരമായി പുറത്തെടുക്കേണ്ട സാഹചര്യമുള്ളത്. എന്നാൽ നാണയം ആമാശയത്തിലെത്തിക്കഴിഞ്ഞാൽ വിസർജ്യത്തോടൊപ്പം പുറത്തുപോകും. ഇത്  രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സംഭവിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. 

അതേസമയം കുട്ടിക്ക് ശ്വാസകോശ അണുബാധയുണ്ടായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ തുടർന്നെത്തിയ രണ്ട് ആശുപത്രികളിൽ ഒരിടത്തുപോലും ഇത് കണ്ടെത്താതിരുന്നതിനാൽ ഇക്കാര്യവും ഉറപ്പിക്കാനാകില്ലെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു.ഴ 

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്.  ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തിൽ നാണയം വിഴുങ്ങിയത്. കുഞ്ഞിനെ ആലുവ സർക്കാർ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും ചികിത്സ നിഷേധിച്ചതായി കുടുംബം ആരോപിച്ചിരുന്നു. 

കോവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നത് കൊണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് തിരികെ അയച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ചോറും പഴവും നൽകാൻ പറഞ്ഞാണ് തിരിച്ചയച്ചതെന്നും രക്ഷകർത്താക്കൾ വ്യക്തമാക്കി.