കുട്ടികൾക്കും വേണ്ട; കുട്ടികളുടെ പരാതിയിൽ കോണ്‍ഗ്രസ് ബാലസംഘടനയുടെ വെബിനാറിൽ നിന്നും ശ്രീജിത്ത് പണിക്കരെ ഒഴിവാക്കി

single-img
2 August 2020

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം മലയാള വാര്‍ത്താ ചാനല്‍ ചര്‍ച്ച വേദികളില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കാറുള്ള ശ്രീജിത്ത് പണിക്കരെ കോണ്‍ഗ്രസ് അനുകൂല ബാലസംഘടനയുടെ വെബിനാറില്‍ നിന്നും ഒഴിവാക്കി. വെബിനാറില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് പണിക്കരെ ക്ഷണിച്ചതില്‍ കുട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം വന്നു.

രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വാര്‍ത്താ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ള ശ്രീജിത്ത് പണിക്കര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സ്ഥിരമായി വിമര്‍ശിക്കുന്ന വ്യക്തിയാണെന്നും അതിനാല്‍ വെബിനാറില്‍ പങ്കെടുപ്പിക്കരുതെന്നും കുട്ടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കരുണ്ടെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തതോടെ ശ്രീജിത്ത് പണിക്കരെ ഒഴിവാക്കേണ്ടി വരികയായിരുന്നു.

ഈ മാസം 5 മുതല്‍ 19 വരെയാണ് 5 ദിവസം നീണ്ടു നില്‍ക്കുന്ന വെബിനാര്‍. സംഘടനയിലെ 300 കുട്ടികള്‍ക്കാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അവസരം ഉള്ളത്. ഈ ദിവസങ്ങളില്‍ 15 വിഷയങ്ങളിലായി 15 വ്യക്തികള്‍ സംസാരിക്കും. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരന്‍ എം.പി, എം.എം ഹസന്‍, രമ്യ ഹരിദാസ് എം.പി, വിടി ബല്‍റാം എം.എല്‍.എ എന്നിവര്‍ക്ക് പുറമേ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഗായകന്‍ ജി വേണുഗോപാല്‍, നടന്‍ വിനു മോഹന്‍ എന്നിവരും വെബിനാറില്‍ പങ്കെടുക്കും.

അതേസമയം, രാഷ്ട്രീയേതരം എന്ന് പറഞ്ഞാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. സംഘിയാണ് എങ്കില്‍ എന്തിനാണ് തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു.