കേരളം കാണാൻ പോകുന്നു, ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു തെരഞ്ഞെടുപ്പ്

single-img
1 August 2020

വരാൻപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നു സൂചന. കൊവിഡ് പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് നടത്തുവാനാണ് നിലവിലെ തീരുമാനം. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. 

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 65 കഴിഞ്ഞവർക്ക് വോട്ടു ചെയ്യാനായി ഓർഡിനൻസ് പുറപ്പെടുവിക്കും. പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.

കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് വാർത്തകളിൽ നിറയുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും. 

അതേസമയം 65വയസ് കഴിഞ്ഞവർക്ക് പോസ്റ്റൽ/ പ്രോക്സി വോട്ട് അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ 75 കഴിഞ്ഞവർക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവർക്ക് വോട്ടുചെയ്യാൻ എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്ദ്ധരുമായുള്ള ചർച്ച പുരോഗമിക്കുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. 

ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളും ഇത്തവണ വ്യത്യസ്തമായ രീതിയിലായിരിക്കും. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണം ഇത്തവണ ഒഴിവാക്കി ഓൺലൈൻ പ്രചരണത്തിനായിരിക്കും കൂടുതൽ ഊന്നൽ നൽകുക. സമൂഹമാധ്യമങ്ങളിൽ സൈബർ യുദ്ധം മുറുകും എന്നർഥം. 

നോട്ടീസ് കൊടുക്കുക, തെരഞ്ഞെടുപ്പ് സ്ലിപ്പ് കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളൊക്കെ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങും. സ്ഥാനാർഥികളുടെ പര്യടനത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും. എന്തായാലും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പിനാണ് കേരളത്തിൽ കളമൊരുങ്ങുന്നത്. 

വോട്ടെണ്ണൽ നടക്കുന്ന ഇടങ്ങളിൽ രാവിലെ വന്നു കൂട്ടം കൂടി നിന്ന് ആഹ്ളാദം പ്രകടിപ്പിക്കുന്ന പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പോലീസിൻറെ ശക്തമായ കാവലിലായിരിക്കും വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് ഫലങ്ങൾ വീട്ടിലിരുന്നു തന്നെ അറിയേണ്ടി വരും എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. 

വിജയത്തിനു ശേഷം ഉള്ള ആഹ്ലാദപ്രകടനങ്ങൾ ഇത്തവണ കാണില്ല എന്ന് വ്യക്തമാണ്. വിജയിച്ച സ്ഥാനാർത്ഥികൾ സ്വീകരണം നൽകലും കൈ കൊടുക്കലുമൊക്കെ ഒഴിവാക്കേണ്ടി വരും. മൊത്തത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു തെരഞ്ഞെടുപ്പ് രീതിക്കാണ് കേരളം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.