അയോധ്യ: താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാർക്കും കൊവിഡ്

single-img
30 July 2020

അടുത്ത മാസം ഭൂമിപൂജ നടക്കാനിരിക്കെ അയോധ്യയിലെ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിക്കും മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് ഇന്ന് കൊവിഡ് ബാധ കണ്ടെത്തിയത്.

അതേപോലെ രാം ജന്മഭൂമി മന്ദിരത്തിന്‍റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുദ്യോഗസ്ഥർക്കും രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ ആന്‍റിജൻ ടെസ്റ്റിലാണ് ഇവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചിരിക്കപ്പെട്ടത്.

അവസാന ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇപ്പോൾ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്ന പൂജാരിയായ പ്രദീപ് ദാസ് സമീപം നിൽക്കുന്നതും, അദ്ദേഹം പൂജയുൾപ്പടെ തൊട്ടടുത്ത് നിന്ന് നിർവഹിക്കുന്നതും കാണാന്‍ സാധിക്കും. ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസും ഇവരുടെ തൊട്ടടുത്ത് നിൽക്കുന്നുണ്ട്. അദ്ദേഹമാണ് ഓഗസ്റ്റ് 5-നുള്ള ഭൂമിപൂ‍ജ കർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടത്.