ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് കേസ്; അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ച് കിം ജോങ് ഉൻ

single-img
26 July 2020

ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സംശയം. ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായി രാജ്യത്തിന്റെ അതിർത്തി പട്ടണത്തിലെത്തിയ ഒരാൾക്ക് കോവിഡ് രോ​ഗബാധയുണ്ടെന്ന് സംശയം ഉയരുകയായിരുന്നു. ഈ വ്യക്തിയുടെ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഉത്തര കൊറിയയിൽ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് കേസായി ഇത് മാറും.

രോഗ വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ ഭരണാധികാരി കിം ജോങ് ഉൻ അതിർത്തി ടൗണായ കെയ്സോങിൽ അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഉത്തരകൊറിയ ഇപ്പോൾ അതീവ ഗൗരവമുള്ള ഒരു സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ച് കിം പറയുകയുണ്ടായി.

അതി ക്രൂരനായ കോവിഡ് വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കിം ജോങ് ഉൻ അറിയിച്ചു. 2017 ൽ ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് നാടുവിട്ട ഒരാളാണ് ഇപ്പോൾ രോഗവുമായി തിരിച്ചെത്തിയിരിക്കുന്നതെന്ന് ഉത്തര കൊറിയയിൽ നിന്നുള്ള ന്യൂസ് ഏജൻസി ആയ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ഈ വ്യക്തി ജൂലൈ 19നാണ് ഉത്തര കൊറിയയിൽ തിരിച്ചെത്തിയത്. നിലവിൽ ഇയാളെയും സമ്പർക്കമുള്ളവരെയും ക്വാറന്റീൻ ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇയാൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉത്തരകൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.