കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്കാരം തടഞ്ഞ് ബിജെപി കൌൺസിലറുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം

single-img
26 July 2020

കോട്ടയം: കൊവിഡ് മൂലം മരിച്ചയാളുടെ ശവസംസ്കാരം ബിജെപി കൌ‍ൺസിലറുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം തടഞ്ഞു. ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ സംസ്കാരമാണ് ബിജെപി നേതാവും നഗരസഭയുടെ കളക്‌ട്രേറ്റ് വാര്‍ഡ് കൗണ്‍സിലറുമായ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നാട്ടുകാർ ചേർന്ന് തടഞ്ഞത്. 

മുട്ടമ്പലം ശ്മാശനത്തിന്‍റെ കവാടം പ്രതിഷേധക്കാർ കെട്ടിയടച്ചു. മുട്ടമ്പലം ശ്മശാനത്തിലേക്കുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ആൾക്കൂട്ടം നഗരത്തിലെ ശ്മശാനത്തിൽ സംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു.

സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലറായ ടി എൻ ഹരികുമാർ കയർത്താണ് സംസാരിച്ചത്. ‘ബോഡി തന്റെ വീട്ടിൽ കൊണ്ടുപോയി അടക്കെടോ’ എന്നു പറഞ്ഞായിരുന്നു ഹരികുമാറിന്റെ ആക്രോശം.  ശ്മശാനത്തിന് സമീപത്ത് ധാരാളം വീടുകളുണ്ട് എന്നതാണ് പ്രതിഷേധിക്കുന്നവരുടെ ഹരികുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവരുടെ ആശങ്ക.

മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്. നാട്ടുകാരെ ഒരു വിഭാഗം രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിനിറക്കിയതാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കൊവിഡ് പ്രോട്ടോകോൾ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കളക്ടർ പ്രതികരിച്ചു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്കരിക്കാത്തത്. ചർച്ച നടത്തി ജനങ്ങളോട് കാര്യം പറഞ്ഞ് മനസിലാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.