സ്വർണക്കടത്ത് അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റി കേന്ദ്ര സർക്കാർ

single-img
23 July 2020

സ്വർണക്കടത്ത് കേസിൽ  അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റി കേന്ദ്ര സർക്കാർ. അന്വേഷണം വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാർക്കാൻ നീക്കം നടക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്നാണ് ഉയരുന്ന വിമർശനം. കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. 

അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തിൽ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിർപ്പറിയിച്ചു. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാർ ഉന്നതങ്ങളിലേക്ക് എതിർപ്പറിയിച്ചത്. 

ഇതിനെ തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.  എന്നാൽ, പിൻവലിച്ചിട്ടില്ല. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നിൽ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന. സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാർമേഖലയിൽ അന്വേഷണത്തിൽ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസിൽ സമാനമായ ഉത്തരവിറക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.

എന്നാൽ, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാർട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്. കസ്റ്റംസ് പ്രിവന്റീവിൽ വരുന്ന ഉദ്യോഗസ്ഥർ പല ഡിപ്പാർട്ട്‌മെന്റുകളിൽ സാമർഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സ്ഥലമാറ്റമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.