ഒരു തെറ്റ് ചെയ്തവരെയും സംരക്ഷിക്കാന്‍ സര്‍ക്കാറുണ്ടാവില്ല: മുഖ്യമന്ത്രി

single-img
18 July 2020

സ്വര്‍ണ്ണക്കടത്തുകേസില്‍ ഉൾപ്പെടെ ഒരു തെറ്റ് ചെയ്തവരെയും സംരക്ഷിക്കാന്‍ സര്‍ക്കാറുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കേസിൽ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ പുറത്തുവരികയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ മറുപടി നല്‍കിയത്.

അതേസമയം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഈ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഒഴിവാക്കിയ നടപടി താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഡബ്ല്യുസി രാജ്യമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് അവരുടെ ഹോള്‍സെയില്‍ ഏജന്റായി ശിവശങ്കര്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യം അറിയില്ല.

ഇപ്പോള്‍ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അത്തരമൊരു ചര്‍ച്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ സിപിഎം പ്രചാരണം മാറ്റിവെച്ചത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി പോയെന്ന ആരോപണം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവ് പറഞ്ഞത് എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള പ്രചരണം ആരംഭിക്കണമെന്ന് നേരത്തെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പെട്ടെന്നുതന്നെ ഇത്തരമൊരാരോപണം ഉന്നയിക്കുകയാണ് എന്നും മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെ താരതമ്യപ്പെടുത്തി കണ്ടു. ആ സര്‍ക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അറിയാത്തവരാണോ അവര്‍. അതറിഞ്ഞുകൊണ്ടല്ലെ ഇപ്പോഴത്തെ ഓഫീസുമായി താരതമ്യം ചെയ്തത്. ഇതിനെല്ലാം ജനമാണ് വിധി കര്‍ത്താക്കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള ഒരു പ്രചാരണം അഴിച്ചുവിട്ടെന്ന് കരുതി ആകെ കാര്യങ്ങളങ്ങ് അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരിക്കേണ്ട. ചിലപ്പോള്‍ തല്‍ക്കാലം ഒരാശ്വാസം തോന്നുന്നുണ്ടാവും. വിഷയങ്ങളില്‍ വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ കഴിയുമല്ലോ എന്നാണ് നോക്കുക. എന്നാല്‍ ആ പുകമറക്ക് ചെറിയ ആയുസേ ഉള്ളൂ. സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്തുവരും, ആ സമയം ഈ കെട്ടിച്ചമച്ച കാര്യങ്ങള്‍ ഇതേ പോലെയങ്ങ് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മന്ത്രി കെടി ജലീലിനെതിരെയുള്ള ആരോപണവും മുഖ്യമന്ത്രി തള്ളി. വിവാദമായ പാലത്തായി കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്നും ആ കാര്യം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.