ഒടുവിൽ കോവിഡ് വാക്സിൻ യഥാർത്ഥ്യമാകുന്നു: ഈ മുൻകരുതലുകൾ അത്യാവശ്യമെന്ന് ലോകനേതാക്കൾ

single-img
17 July 2020

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വെെറസ് വ്യാപനം സംഭവിക്കുകയാണ്. വെെറസിനെ ചെറുക്കാൻ ഫലപ്രദമായ വാക്സിൻ നിലവലില്ല എന്നുള്ളതും ഈ സാഹചര്യത്തെ ഗുരുതരമാക്കുന്നു. വിവിധ ലോകരാജ്യങ്ങൾ നടത്തുന്ന കൊവിഡ് വാക്‌സിൻ ഗവേഷണങ്ങൾ പലതും ഫലപ്രാപ്‌തിയുടെ അടുത്തെത്തുകയാണെന്ന സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഏതാണ്ട് നൂറിലധികം വാക്സിനുകൾ ഇത്തരത്തിൽ വികസിപ്പിക്കുകയാണെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുനന്ത്. 

https://youtu.be/k5Q_zNB3jns

ഇക്കഴിഞ്ഞ ബുധനാഴ്ച വരെ ലഭിച്ച വിവരം അനുസരിച്ച് ഓക്‌സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരിൽ ഏതാണ്ട് പൂർത്തിയായതായി റിപ്പോർട്ടുകളുണ്ട്. ഈ അടുത്തുതന്നെ വാക്‌സിൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള ശുഭകരമായ വാർത്തളും ഈ പ്രതിസന്ധി ഘട്ടത്തിൽ പുറത്തു വരുന്നുണ്ട്. 

വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും കണ്ടെത്തിയതായി മുതിര്‍ന്ന ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറക്കുന്നതില്‍ വ്യക്തതയാവുമെന്നാണ് സൂചന.

വാക്‌സിന്‍ മൂലം രക്തത്തില്‍ രൂപപ്പെടുന്ന ആൻ്റിബോഡികള്‍ എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടില്ല.  ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിൻ്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ‘ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണല്‍ അറിയിച്ചു. സിഎച്ച്എഡി ഓക്‌സ്1 എന്‍കോവ്-19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.

വാക്‌സിൻ കണ്ടെത്തി കഴിഞ്ഞാൽ ലോകമാകെ കോവിഡ് രുന്നിൻ്റെ ന്യായമായ വിതരണം വാക്‌സിൻ വികസിപ്പിച്ച രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് വിവിധ രാജ്യങ്ങൾ. സ്‌പെയിൻ, ന്യൂസിലാന്റ്,ദക്ഷിണ കൊറിയ,എത്യോപ്യ, കാനഡ മുതലായ രാജ്യങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ഇക്കാര്യം ട്വിറ്ററിലൂടെയും ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. 

‘വാക്‌സിനുകൾ ജീവൻ രക്ഷിക്കുന്നു.അതിനാലാണ് നാമോരോരുത്തരും ലോകമാകെ ഒരു വാക്സിൻ കണ്ടെത്താനായി ശ്രമിക്കുന്നത്. അത്തരത്തിൽ വാക്സിൻ കണ്ടെത്തി കഴിയുമ്പോൾ ലോകമാകെയുള‌ള ജനങ്ങൾക്ക് അവ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം.’ ട്രുഡോ ട്വിറ്ററിൽ കുറിച്ചു. വിവിധ ലോക നേതാക്കളെയും തൻ്റെ ട്വീറ്റിൽ ട്രൂ‌ഡോ ടാഗ് ചെയ്യാനും മറന്നിട്ടില്ല. 

വാക്‌സിൻ വിതരണം ലോകമാകെയുള‌ള ജനങ്ങളിൽ അസമത്വമുണ്ടാക്കാൻ പാടില്ലെന്നാണ് ഈ ലോക നേതാക്കൾ വ്യക്തമാക്കുന്നത്. രാജ്യങ്ങൾ തമ്മിലെ ബഹുമുഖമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആധാരമാകും ഈ വാക്‌സിൻ എന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ഓക്‌സ്‌ഫോർഡ് സർവകലാശാലക്ക് പുറമേ ജെവ സാങ്കേതികവിദ്യ കമ്പനിയായ മോഡേണയുടെ വാക്‌സിനും അതിവേഗം വികസിപ്പിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നുകഴിഞ്ഞു. ഈ വാക്‌സിന്റെ മനുഷ്യനിലുള‌ള അന്തിമഘട്ട പരീക്ഷണം ജുലായ് 27ന് ആരംഭിക്കുമെന്നാണ് സൂചനകൾ.