കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രവേശനം നിഷേധിക്കാനൊരുങ്ങി അമേരിക്ക

single-img
17 July 2020

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രവേശനം നിഷേധിക്കാനൊരുങ്ങി അമേരിക്ക. ഹോങ്കോങ്ങിൽ ചൈന ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇവർക്ക് പ്രവേശനം നിരോധിക്കുവാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള തുടർനടപടികൾ അമേരിക്കൻ ഭരണകൂടത്തിൻ്റെ പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലവിൽ അമേരിക്കയിൽ തങ്ങുന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾക്കും ഈ നിലപാട് ബാധകമായിരിക്കും. ഇപ്പോൾ രാജ്യത്ത് തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വീസ റദ്ദാക്കാനുള്ള നിർദേശങ്ങളും സർക്കാരിൻ്റെ പരിഗണയിലാണെന്നാണ് വിവരം.

ചൈനീസ് സൈന്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ എക്‌സിക്യൂട്ടീവുകൾക്കും അമേരിക്കയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഇപ്പോൾ പരിഗണിക്കപ്പെടുകയാണെന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.  എന്നാൽ, ഈ പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇക്കാര്യം നിരസിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം ലംഘിച്ചതിന് ചൈനയെ ശിക്ഷിക്കുന്ന നിയമനിര്‍മ്മാണത്തിലും എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പുവെച്ചതായി ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഗാൽവൻ താഴ്‌വരയിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യ ചൈനയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ അതിനോട് സമാനമായാണ് അമേരിക്കയും ചിന്തിക്കുന്നത്.