യുഎഇ അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തിൽ വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ

single-img
16 July 2020

സ്വർണ്ണ കടത്തുകേസിൽ വിവാദം ഉണ്ടായ പിന്നാലെ യുഎഇ കോൺസുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അതി നിർണായക വിവരങ്ങൾ നൽകേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാൻ മൗനാനുവാദം നൽകിയത് കേസ് അന്വഷണം അട്ടിമറിക്കാൻ വേണ്ടിയാണ്. ഈ നടപടിയിൽ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ട് എന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു .

എൻഐഎ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാൻ ഒരു വിഭാഗം ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും
കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ആദ്യ ഘട്ടം മുതൽ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത് എന്നും സംഘടന പറയുന്നു.

അന്വേഷണ ഘട്ടത്തിൽ അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താതിരുന്നത് എന്തുകൊണ്ടെന്ന് മുരളീധരൻ വ്യക്തമാക്കണം. സ്വർണ്ണം ഇന്ത്യയിലേക്ക് വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യമേ വി മുരളീധരൻ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കേരളാ മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടാലേ അന്വേഷണം പ്രഖ്യാപിക്കാൻ കഴിയൂ എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്.

പക്ഷെ കേന്ദ്രസർക്കാർ എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലാവട്ടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ തുടക്കം മുതൽ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.