പദ്മനാഭ സ്വാമിക്ഷേത്രം വിധി: സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്ന് മന്ത്രി

single-img
13 July 2020

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി  ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും കടകംപള്ളി പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സര്‍ക്കാരും രാജകുടുംബവും മറ്റു കക്ഷികളും പലവിധ വാദമുഖങ്ങള്‍ ഉന്നയിച്ചിരുന്നു. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കടകംപള്ളി പ്രതികരിച്ചു.

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചിന്റെ വിധി.  കവനന്റില്‍ ഒപ്പുവച്ച രാജാവിന്റെ മരണത്തോടെ ക്ഷേത്ര നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് യുയു ലളിത് ചൂണ്ടിക്കാട്ടി. 

ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താല്‍ക്കാലിക സമിതി ഭരണം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.