കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കാന്‍ ഓഗസ്റ്റ് 15 എന്ന കാലാവധി നല്‍കിയിട്ടില്ല: ഐസിഎം ആര്‍

single-img
12 July 2020

കൊവിഡ് വൈറസിനെ പ്രതിരോധിക്കാനായി വികസിപ്പിക്കുന്ന വാക്‌സിന്‍ ഓഗസ്റ്റ് 15 ന് തന്നെ പുറത്തിറക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഐസിഎം ആര്‍ .വാക്‌സിന്‍ പരീക്ഷണത്തിനായി ഒരിക്കലും നിശ്ചിത സമയം നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ പറയുന്നു.

അതേസമയം വളരെ വേഗത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഐസിഎംആര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ നടപടി ക്രമത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പരീക്ഷണം വേഗത്തിലാക്കുന്ന കാര്യം ലോകാരോഗ്യ സംഘടനയുമായി സംസാരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

രാജ്യത്തെ പ്രമുഖ മെഡിസിന്‍ നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് ‘കൊവാക്‌സിന്‍’ എന്നു പേരിട്ടിരിക്കുന്ന
ഈ മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം നേടിയെന്ന് അടുത്ത കാലത്ത് തന്നെ അറിയിച്ചിരുന്നു.

ജൂലൈ 13ന് മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചയില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഅനുമതി നല്‍കിയ പിന്നാലെയാണ് ഐസിഎംആറിന്റെ പ്രതികരണം ഇപ്പോള്‍ വന്നിരിക്കുന്നത്.