കൊവിഡ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ അറിയാമായിരുന്നു; അവര്‍ അത് മറച്ചുവെച്ചു; ആരോപണവുമായി ഹോങ്കോംഗ് ശാസ്ത്രജ്ഞ

single-img
11 July 2020

കൊവിഡ് 19 വൈറസ് ലോകവ്യാപകമായി വ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചൈനയ്ക്ക് ഇതിനെപറ്റി അറിയാമായിരുന്നെന്ന് വെളിപ്പെടുത്തി ഹോങ്കോംഗ് ശാസ്ത്രജ്ഞ ലി-മെംഗ് യാന്‍. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞയാണ് ലി-മെംഗ് യാന്‍.

ലോകവ്യാപകമായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അമേരിക്കയും നേരത്തെ ആരോപിച്ചിരുന്നു. ചൈനയ്ക്ക് ലോക ജനതയുടെ ജീവന്‍ കണക്കിലെടുത്ത്കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് പറയാമായിരുന്നു. പക്ഷെ ചൈന അത് മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും ലി-മെംഗ് യാന്‍ ആരോപിച്ചു.

താനാവട്ടെ, വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ഈ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് ചൈനീസ് അധികൃതരോട് പറഞ്ഞെങ്കിലും അതെല്ലാം അവര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും ലി- മെംഗ് യാന്‍ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് ഗവേഷണം നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചില്ല.

ചൈനയിലാകെ വിചിത്രമായ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ താൻ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെയും ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ് ചെയ്തത് എന്നും പിന്നീട് ചൈനയില്‍ വുഹാനില്‍ വൈറസ് വ്യാപകമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്നും ലി-മെംഗ് യാന്‍ പറയുന്നു.