ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്; ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഇന്ത്യന്‍ അവകാശവാദത്തിനെതിരെ ലോകാരോഗ്യസംഘടന

single-img
9 July 2020

ഇന്ത്യ അതിന്റെ സ്വാതന്ത്ര ദിനമായ ആഗസ്റ്റ് 15 ന് കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുമെന്ന അവകാശവാദത്തിനെതിരെ ലോകാരോഗ്യസംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഒരു രോഗത്തിന്റെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുക എന്നത് സങ്കീര്‍ണ്ണമായ ഒരുപാട് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒന്നാണെന്നും ആറാഴ്ച എന്ന രീതിയില്‍ ഒരു ഡെഡ് ലൈന്‍ കൊടുത്ത് വാക്‌സിന്‍ വികസിപ്പിക്കുക എന്നത് അസാധ്യമാണെന്നും അവര്‍ അറിയിച്ചു.

‘ഓരോ ഗവേഷകരും അനേകം വര്‍ഷങ്ങളെടുത്താണ് പല വാക്‌സിനുകളും വികസിപ്പിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു മഹാമാരിയ്ക്ക് നടുവിലാണ്. നമ്മുടെ മുന്നില്‍ കുറച്ച് സമയങ്ങളെ ഉള്ളൂ എന്നതും ശരിയാണ്. എന്നാല്‍ പോലും വാക്‌സിന്‍ കണ്ടെത്താന്‍ തുടങ്ങി 12-18 മാസം വരെ നീളുന്ന പ്രക്രിയയിലൂടെ നമ്മള്‍ കടന്നുപോയെ പറ്റൂ’, എന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്ന ഐസിഎംആര്‍ പ്രഖ്യാപനം നേരത്തെ തന്നെ വിവാദമായിരുന്നു. നിലവില്‍ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐസിഎംആര്‍ ഊര്‍ജ്ജിതമായി നടത്തുന്നത്.