ഇനി മാസ്കിൻ്റെയും സാനിറ്റെെസറിൻ്റെയും വില എന്താകും?

single-img
9 July 2020

വാക്സിൽ കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് രോഗത്തിനെതിരെ ഇപ്പോഴുള്ള പ്രധാന ആയുധങ്ങൾ എന്താണ്. സംശയലേശമന്യേ പറയുവാൻ കഴിയും അത് മാസ്കും സാനിറ്റെെസറുമാണെന്ന്. കൊവിഡ് പ്രതിരോധത്തിൽ മരുന്നിനെക്കാൾ ഗുണം ചെയ്യുന്നത് മാസ്‌കും സാനിറ്റൈസറുമാണെന്ന് വിദഗ്ദ്ധർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ പ്രാധാന്യം മനസിലാക്കിയാണ് വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയും വേണമെന്ന കർക്കശ നിബന്ധന വന്നതും. യഥാർത്ഥത്തിൽ കോവിഡിനെ ചെറുക്കാൻ നിലവിൽ ഇതു മാത്രമേയുള്ളു എന്നുതന്നെ പറയണം. 

കോവിഡ് വ്യാപനത്തിൻ്റെ ആദ്യനാളുകിൽ ഏറ്റവും കൂടുതൽ ക്ഷാമം നേരിട്ട രണ്ടു വസ്തുക്കളാണ് ഇവ. അതുകൊണ്ടുകൂടിയാണ് കൊവിഡ് വലിയൊരു മഹാമാരിയുടെ രൂപത്തിൽ പടർന്നുപിടിക്കാൻ തുടങ്ങിയ ഏപ്രിൽ ആദ്യം മുതൽ കേന്ദ്ര സർക്കാർ ഇവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും. പ്രധാനമായും ജനങ്ങൾക്ക് അതിൻ്റെ ലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോൾ സ്ഥിതിയങ്ങനെയല്ല. മാസ്‌കും സാനിറ്റൈസറും അവശ്യ സാധനങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. 

കൊവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്കു രാജ്യം ഒന്നാകെ എത്തപ്പെട്ടുകൊണ്ടിരിക്കേ അമ്പരപ്പിക്കുന്ന ഒരു തീരുമാനമാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടി’കയിൽ നിന്നും ഇവയെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയ ന്യായമാണ് രസകരം. മാസ്‌കും സാനിറ്റൈസറും ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്നുള്ളതാണ് അത്. വിപണിയിൽ തൽക്കാലം ക്ഷാമമില്ലെങ്കിലും ഏതു സമയത്തും സ്ഥിതി മാറാമെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ നിലിലെ സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കാതെയുള്ള തീരുമാനമാണ് കേന്ദ്ര സർക്കാർ കെെക്കൊണ്ടിരിക്കുന്നത്. 

കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും അമിത വില നൽകിയാണ് ജനങ്ങൾ  ഈ സാധനങ്ങൾ വാങ്ങുന്നത്. അവശ്യ സാധന നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടുപോലും സ്ഥിതി ഇതാണെങ്കിൽ നിയമം എടുത്തു കളയുമ്പോഴുണ്ടാകാവുന്ന അവസ്ഥ എന്തായിരിക്കും? ഒന്നു ചിന്തിച്ചു നോക്കൂ. കൊവിഡ് പ്രതിരോധത്തിൽ ഒഴിച്ചുകൂടാനാവാത്ത അവശ്യ വസ്തുക്കളായ മാസ്‌കും സാനിറ്റൈസറും ധാരാളമായി വിപണിയിൽ വില്പനയ്ക്കുണ്ടെന്നുള്ളത് ശരിയാകാം. എന്നാൽ ഇവ അവശ്യസാധന പട്ടികയിൽ ഉൾപ്പെട്ടിരുന്നപ്പോഴും വില നിയന്ത്രണ നിബന്ധനകൾ പാലിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം. 

അവശ്യസാധന പട്ടികയിൽ മാസ്‌കും സാനിറ്റൈസറും നിലനിൽക്കുന്നതുകൊണ്ട്  സർക്കാരിന് എന്തു ബുദ്ധിമുട്ടാണുണ്ടാകുന്നതെന്നുള്ള കാര്യമാണ് മനസ്സിലാകാത്തത്. ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നിൽ നിക്ഷിപ്ത താത്‌പര്യക്കാരുടെ സമ്മർദ്ദമുണ്ടെന്നാണ് ആരോപണം ഉയരുന്നതും. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കമ്പനികളുടെ ഉത്‌പന്നങ്ങൾ ഈ ഗണത്തിൽ ഇപ്പോഴും വിപണിയിലുണ്ട്. വിലയുടെ കാര്യത്തിൽ മാത്രമേ അവ മുന്നിലുള്ളു. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ അവയൊക്കെ വളരെ പിന്നിലാണ്. ഔഷധ വില നിയന്ത്രണ നിയമമനുസരിച്ചു വേണം ഇവ വിൽക്കാനെന്നു നിബന്ധന ഉള്ളപ്പോഴാണ് തോന്നിയതു പോലെ ഈ സാധനങ്ങൾ വിൽക്കപ്പെടുന്നതും. ഈ സാഹചര്യത്തിൽ ഈ സാധനങ്ങൾ അവശ്യസാധന പട്ടികയുടെ പുറത്താകുമ്പോഴുള്ള സ്ഥിതി എന്താകുമെന്ന് ഒന്നു ചിന്തുച്ചു നോക്കു. 

ഔഷധ വില നിർണയിക്കാൻ അധികാരമുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി മാസ്‌കിനും സാനിറ്റൈസറിനും ചുമത്താവുന്ന വില ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നുള്ളതും ഈ അവസരത്തിൽ ഓർക്കണം. ഈ ഒരു കാരണം കൊണ്ടുതന്നെയാണ് ഇവ വിൽക്കുന്നവർ കൊള്ളലാഭമെടുക്കുന്നതും. 

കോവിഡ് വെെറസിനെതിരെ കൃത്യമായ ഔഷധമോ പ്രതിരോധ വാക്സിനോ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. രോഗപ്പകർച്ച തടയാൻ വീടുകളിൽ അടച്ചിരുന്നാൽ മതിയാകും. എന്നാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഒരു വ്യക്തി വീടിനു പുറത്തിറങ്ങിയാൽ മാസ്‌ക് ധരിക്കണമെന്നുള്ളത് നിർബന്ധമാണ്. ആ സ്ഥിതിക്ക് അവർക്ക് താങ്ങാവുന്ന വിലയ്ക്ക് അവ വിപണിയിലെത്തിക്കുവാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട് എന്നുകൂടി ഓർക്കുക. 

പ്രതിരോധ ശേഷികുറഞ്ഞ മാസ്കുകൾ പേരിനു വേണ്ടിമാത്രം ധരിച്ച് മറഎ്റു്റു ജനങ്ങളുമായി ഇടപഴകുമ്പോൾ വെെറസ് ബാധ ഏറ്റുവാങ്ങാനോ നൽകപ്പെടാനോ സാധ്യതയുണ്ട്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ദരണകൂടം ഈ ഒരു സാഹചര്യം ഒഴിാക്കേണ്ടതാണ്. സമൂഹ വ്യാപന ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലെങ്കിലും വിപണിയിൽ ലഭ്യമാകുന്ന മാസ്‌കിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതരുടെ ശക്തമായ ഇടപെടലുകൾ ആവശ്യുമാണ്. സ്വന്തം കാര്യമല്ലേ, നിങ്ങൾ തന്നെ നോക്കിക്കോളു എന്നു പറഞ്ഞ് മാറിനിൽക്കുകയല്ല ഒരു ഭരണകൂടം ഇവിടെ ചെയ്യേണ്ടത്. രാജ്യത്തെ ഈ രോഗതുര അവസ്ഥിൽ നിന്നും കെെപിടിച്ചു കയറ്റുകയാണ് വേണ്ടത്. 

മാസ്കും സാനിറ്റെെസറും ചെറിയ കാര്യങ്ങൾ എന്നു പറഞ്ഞു നിസാരവത്കരിക്കരുത് സാർ. കണ്ണിൽ പെടാത്ത ഒരു ചെറിയ വെെറസ് മൂലമാണ് ലോകം ഇന്ന് ഈ അവസ്ഥയിലേക്കു മാറിയത് എന്നു കൂടി ഓർക്കണം.