താൻ മോദിയുടെ ആരാധകൻ; കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ല; ബി എം എസ് നേതാവല്ല : ഹരിരാജ് ഇവാർത്തയോട്

single-img
9 July 2020

സ്വർണ്ണം കടത്തിയ ഡിപ്ലൊമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ താൻ കസ്റ്റം സ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഹൌസ് ഏജന്റ്സ് അസോസിയേഷൻ നേതാവ് ഹരിരാജ്. താൻ ബിഎംഎസ് നേതാവല്ലെന്നും തനിക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ലെന്നും ഹരിരാജ് ഇവാർത്തയോട് പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോൺ ഫ്രൈറ്റ് എന്ന കാർഗോ ഏജൻസിയുടെ സിഇഒ ആണ് ഹരിരാജ്.

തന്റെ പേരിൽ രാവിലെ മുതൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനം എന്താണെന്നറിയില്ല. തന്റെ വീട്ടിൽ റെയ്ഡ് നടന്നുവെന്ന വാർത്തകൾ അമ്പരപ്പിച്ചു. കൊച്ചിയിലെ ഞാറയ്ക്കലിൽ ഉള്ള വീട്ടിൽ റെയ്ഡ് നടന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ തനിക്ക് തിരുവനന്തപുരത്ത് മൂന്ന് സെന്റിൽ നിൽക്കുന്ന ഒരു ചെറിയ വീട് മാത്രമാണുള്ളത്.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 20 കസ്റ്റംസ് ഹൌസ് ഏജന്റ് കമ്പനികളുടെ അസോസിയേഷന്റെ ഭാരവാഹിയാണ് താൻ. കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തിയെ തനിക്ക് അറിയാം. എന്നാൽ ഇത്തരമൊരു കാര്യത്തിനായി അദ്ദേഹത്തിനെയോ മറ്റാരെയെങ്കിലുമോ താൻ വിളിച്ചിട്ടില്ല. മാത്രമല്ല സ്വർണ്ണം പിടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് താൻ ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നുവെന്നും ഹരിരാജ് ഇവാർത്തയോട് പറഞ്ഞു.

തനിക്ക് ബിജെപിയുമായി ഔദ്യോഗിക ബന്ധങ്ങളില്ല. എന്നാൽ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ ഇടാറുണ്ടെന്നും ഹരിരാജ് പറയുന്നു. ഹരിരാജിന്റെ ഫെയ്സ്ബുക്ക് ടൈംലൈൻ നിറയെ കാവിപ്പട പോലെയുള്ള സംഘപരിവാർ അനുകൂല ഗ്രൂപ്പുകളുടെയും മറ്റും പോസ്റ്റുകൾ ആണുള്ളത്.

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കേസിൽ ഹരിരാജിൻ്റെ വീട്ടിൽ പരിശോധന നടക്കുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ഹരിരാജായിരുന്നു എന്നും ന്യൂസ് 18 കേരള ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.