കൊവിഡ് ഉത്ഭവം കണ്ടെത്താന്‍ രാജ്യത്ത് പ്രവേശിക്കാം; ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നല്‍കി ചൈന

single-img
8 July 2020

ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഉള്‍പ്പെടെ പരിശോധനയ്ക്കും പരീക്ഷണത്തിനും ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാമെന്ന് ചൈന അറിയിച്ചു. വൈറസ് വ്യാപനത്തില്‍ ചൈനക്കെതിരെ ആരോപണം ഉന്നയിച്ച് ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈന ഈ തീരുമാനം അറിയിച്ചത്.

ചൈനക്കെതിരെ ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കന്‍ തീരുമാനം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചൈനയുടെ ഇപ്പോഴത്തെ തീരുമാനം എന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം അന്താരാഷ്ട്രതലത്തിലെ മഹാമാരിക്കെതിരായ നീക്കങ്ങളെ പിന്നോട്ടടിക്കുമെന്നും, ഇപ്പോള്‍ തന്നെ ആഗോള സമൂഹം ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാലോ ലീജിയന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പുകഴ്ത്തിയ ചൈനീസ് വക്താവ് ലോകത്തിലെ പൊതുജനാരോഗ്യ രംഗത്ത് ഇപ്പോള്‍ നിലവിലുള്ള കെട്ടുറപ്പും പ്രഫഷണലിസവും ഉള്ള ഏക സംവിധാനം ലോകാരോഗ്യ സംഘടനയാണ് എന്നും അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക് പോകുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തങ്ങളുടെ ഈ തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയികക്കയം ചെയ്തിരുന്നു. സംഘടനയില്‍ നിന്നും ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ അടുത്ത വർഷം ജൂലൈ 6 മുതൽ ആയിരിക്കും അമേരിക്കയുടെ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.