മുഖ്യമന്ത്രിക്ക് 2017 മുതൽ സ്വപ്ന സുരേഷിനെ അറിയാം: ആരോപണവുമായി കെ സുരേന്ദ്രൻ

single-img
7 July 2020

വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എം ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാത്തതില്‍ ദുരൂഹതയെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യം കൊണ്ടാണ് ഐടി സ്ഥാനത്ത് നിന്ന് ശിവശങ്കറെ മാറ്റാത്തതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

സ്വപ്‌ന സുരേഷിനെ 2017 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ശിവ ശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്ന് നീക്കിയതിലൂടെ, ഇന്നലെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാത്തതോടെ, മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യമാണ് പുറത്തായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്വപ്‌ന സുരേഷിനെ അറിയില്ലെന്നും നിയമനം താന്‍ അറിഞ്ഞു കൊണ്ടല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പച്ചക്കളളമാണ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയും ഇങ്ങനെ തന്നെയാണ് പറഞ്ഞത്. സരിതയുമായി ഒരു പരിചയവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി അന്ന് പറഞ്ഞത്. 

പിണറായി വിജയന് 2017 മുതല്‍ സ്വപ്‌ന സുരേഷിനെ അറിയാം. സ്വപ്‌ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നിരവധി പരിപാടികളില്‍ ഇവര്‍ രണ്ടുപേരും പങ്കെടുത്തിട്ടുണ്ട്. പരസ്പരം സംസാരിച്ചിട്ടുണ്ട്. ഷാര്‍ജ ഷെയ്ക്ക് കേരളത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍     ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പുകാരിയായിരുന്നു. ഇതിന് പുറമേ ലോക കേരളസഭയുടെ നടത്തിപ്പിലും ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.

നാവ് ഉപയോഗിച്ച് താന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇത് വരെ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വസ്തുത ആണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.