കോവിഡ് പ്രതിരോധം: ഒരു രൂപ പോലും ചെലവഴിക്കാതെ കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

single-img
5 July 2020

രാജ്യവും സംസ്ഥാനവും ഭീതിയിൽ നിൽക്കുമ്പോഴും ഇതേവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു രൂപപോലും ചിലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നു. എന്നാൽ കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിക്കപ്പെട്ടത്.

പക്ഷെ ഈ തുകയിൽ നിന്നും ഒരുരൂപ പോലും ചിലവഴിച്ചില്ലെന്നാണ് വെല്‍ഫെയര്‍പാര്‍ട്ടി കര്‍ണാടക ഘടകം നൽകിയ വിവരാവകാശ രേഖയുടെ മറുപടിയിൽ പറയുന്നത്. ജൂൺ 18വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്തത് 290,98,14,057 രൂപയായിരുന്നു എന്ന് കണക്കുകൾ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 25നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയത്. സംസ്ഥാനമാകെ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിലും ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ചില്ലെന്ന വിവരം പുറത്ത് വന്നതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാണ്.

വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടകയുടെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.