ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു; ചൈനക്കെതിരെ അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

single-img
2 July 2020

ന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പിന്നാലെ ചൈനക്കെതിരെ ഗുരുതര ആരോപണവുമായി മ്യാന്‍മര്‍.
തങ്ങളുടെ രാജ്യത്തെ ഭീകരവാദികളെ ചൈന ആയുധങ്ങള്‍ നല്‍കി സഹായിക്കുകയാണെന്ന് ആരോപിച്ച മ്യാന്‍മര്‍ ഇത്തരത്തില്‍ ചൈന നടത്തുന്ന നീക്കത്തിനെതിരെ അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മ്യാന്മാറിലെ ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി രാജ്യത്തിന്റെ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്‌ളെയിങ് അറിയിച്ചു.

റഷ്യയില്‍ നിന്നുള്ള ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അരക്കന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ), അരക്കന്‍ ആര്‍മി(എഎ) എന്നിവയാണ് മ്യാന്‍മറിലെ പ്രധാന ഭീകര സംഘടനകള്‍. ചൈനയുമായി നേരിട്ട് തന്നെ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറിലെ രാഖിന്‍ എന്ന സംസ്ഥാനത്താണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇതില്‍ അരക്കന്‍ ആര്‍മിയെ ഒരു വിദേശ രാജ്യമാണ് സഹായിക്കുന്നതെന്ന് മ്യാന്‍മറിലെ സായുധ സേന തലവന്‍ വ്യക്തമാക്കി. മാത്രമല്ല എആര്‍എസ്എക്ക് മാത്രം 500 റൈഫിളുകള്‍, 30 മെഷീന്‍ ഗണ്ണുകള്‍,70,000 റൗണ്ട് വെടിയുണ്ടകള്‍, വലിയ ശേഖരം ഗ്രനേഡുകള്‍ എന്നിവയാണ് ചൈന നല്‍കിയത്. മ്യാന്‍മാറിന്റെ സമുദ്ര തീരമായ മോനാഖാലി വഴിയാണ് ചൈന ഈ ആയുധങ്ങള്‍ അരക്കന്‍-രോഹിംഗ്യന്‍ ഭീകരര്‍ക്ക് എത്തിച്ചതെന്നാണ് സൂചന.

ആദ്യമായിട്ടല്ല മ്യാന്‍മര്‍ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നവംബറില്‍ നിരോധിത സംഘടനയായ താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ ഒളിത്താവളം മ്യാന്‍മര്‍ സൈന്യം തകര്‍ത്തിരുന്നു. ആ സമയം 70,000 മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ കണ്ടെത്തിയത് ചൈനയുടേതാണെന്നാണ് അന്ന് വ്യക്തമായത്. പക്ഷെ മ്യാന്‍മറിന്റെ ആരോപണങ്ങള്‍ ചൈന നിഷേധിക്കുകയാണ്.