പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്ന് പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി; വിശദീകരണം ചോദിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്

single-img
26 June 2020

ബാബാ രാംദേവിന് കീഴിലുള്ള പതഞ്ജലി പുറത്തിറക്കിയ കൊവിഡ് രോഗത്തിന് മരുന്ന് എന്ന് അവകാശപ്പെടുന്ന കൊറോണില്‍ എന്ന് പേരുള്ള പരീക്ഷിച്ച് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രി. ഇതിനെ തുടർന്ന് സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടി.

പതഞ്‌ജലി ഇറക്കിയ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന്റെ സമ്മതം തേടുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണത്തിന് മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നരോത്തം ശര്‍മ അറിയിച്ചു.

പതഞ്ജലിയോട് നേരത്തെ തന്നെ കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് കൊറോണില്‍ വില്‍പനയും പരസ്യവും ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിക്കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുമുണ്ടായി. കൊവിഡ് രോഗത്തിന് മരുന്ന് എന്നപേരിൽ ഇത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു.