കൊറോണ മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ: ഇന്ത്യയിൽ മരിക്കുന്നത് ഒരുലക്ഷം പേരിൽ ഒരാൾ മാത്രം

single-img
24 June 2020

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ലോകാരോ​ഗ്യസംഘടന. ഒരു ലക്ഷം പേരിൽ ശരാശരി ഒരാളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാൽ ആ​ഗോള ശരാശരി ഇതിൻ്റെ ആറിരട്ടിയിൽ അധികമാണ്.

ലക്ഷത്തിൽ 6.04 ആണ് ആഗോളതലത്തിൽ മരണനിരക്ക്. യുകെയിൽ ഇത് 63.13 ആണ്. സ്‌പെയിനിൽ 60.60, ഇറ്റലിയിൽ 57.19, അമേരിക്കയിൽ 36.30 എന്നിങ്ങനെയാണ് കണക്ക്.  രോ​ഗബാധ നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതുമാണ് രാജ്യത്തെ മരണനിരക്ക് പിടിച്ചുനിർത്താൻ സഹായകമായത് എന്നാണ് ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. അതിനിടെ ഇന്ത്യയിലെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14000ത്തിന് മുകളിലായി.

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. രോഗമുക്തിനിരക്ക് ഇപ്പോൾ 56.38 ശതമാനമായി വർധിച്ചു. ഇതുവരെ 2,48,189 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. കഴിഞ്ഞദിവസം മാത്രം 10,994 പേർക്കു രോഗം ഭേദമായി. നിലവിൽ 1,78,014 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 992 ആയി. അതിൽ 726 എണ്ണം സർക്കാർ ലാബുകളും 266 സ്വകാര്യ ലാബുകളുമാണ്.