പിരിയാൻ തീരുമാനിച്ചശേഷം ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

single-img
23 June 2020

വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ച ശേഷം ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ശേഷം 42കാരന്‍ ആത്മഹത്യചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. അമിത് അഗര്‍വാള്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് രണ്ടു കൊലപാതകങ്ങളും ചെയ്ത ശേഷം  ജീവെനാടുക്കിയത്. 

കൊൽക്കത്ത സ്വദേശിയായ ഇയാൾ  ബംഗളുരുവില്‍ ഭാര്യയ്ക്കും 10 വയസ്സുള്ള മകനുമൊപ്പമായിരുന്നു താമസം. ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബംഗളുരുവില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു. 

വെെകുന്നേരം 5.30ഓടെ ഭാര്യയുടെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുടെ മാതാപിതാക്കളുമായി തര്‍ക്കത്തിലായി. ഒടുവില്‍ ഭാര്യയുടെ അമ്മയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍, ഭാര്യാ പിതാവ് പുറത്തേക്ക് ഇറങ്ങി ഓടി വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്തതിനാല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും ചെയ്തു. 

അയൽവാസികൾ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ അമിതും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഇയാളെഴുതിയ ആത്മഹത്യാകുറിപ്പില്‍നിന്നാണ് ഭാര്യയുടെ മരണവിവരം പോലീസ് അറിഞ്ഞത്. കര്‍ണാടക പോലീസ് ഉടന്‍ ബംഗളുരു പോലീസുമായി ബന്ധെപ്പട്ടു. 

പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇവരുടെ മകന്‍ സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.