ഭർത്താവിനൊപ്പം ജീവിക്കാൻ തോക്ക് വേണം; ഡിജിപിയ്ക്ക് വീട്ടമ്മയുടെ നിവേദനം

single-img
23 June 2020

ആലപ്പുഴ: ഭർത്താവിനൊപ്പം താമസിക്കാൻ തോക്ക് ഉപയോഗിക്കുന്നതിനു ലൈസൻസ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും വീട്ടമ്മയുടെ നിവേദനം. ആലപ്പുഴ ജില്ലയിലെ കറ്റാനത്താണു വിചിത്രമായ സംഭവം ഉണ്ടായിരിക്കുന്നത്.

ഭർത്താവ് രണ്ട് ദിവസമായി ഉപദ്രവിച്ചെന്നുള്ള പരാതിയിൽ യുവതി കുറത്തിക്കാട് പൊലീസിനും പിങ്ക് പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ യുവതിയുടെ പരാതിയിന്മേൽ ഭർത്താവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 498 എ വകുപ്പ് പ്രകാരം സ്ത്രീധനപീഡനത്തിന് കേസ് ചാർജ്ജ് ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു വിചിത്രമായ പരാതിയുടെ കാരണം എന്താണെന്ന് അറിയില്ലെന്നും കുറത്തിക്കാട് എസ്എച്ച്ഒ ഇവാർത്തയോട് പറഞ്ഞു.

21-ആം തീയതി രാത്രി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുകയും ഭാര്യ പിങ്ക് പൊലീസിനെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. എന്നാൽ പിങ്ക് പൊലീസ് പോയതിന് ശേഷം ഭർത്താവ് വീണ്ടും മദ്യപിച്ച് വന്ന് യുവതിയെ മർദ്ദിക്കുകയുണ്ടായി. വീണ്ടും കുറത്തിക്കാട് പൊലീസ് എത്തി ഇതിൽ ഇടപെടുകയും ചെയ്തു. രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാമെന്നാണ് യുവതി അറിയിച്ചത്. എന്നാൽ രാവിലെ സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ തന്നെ തോക്ക് ആവശ്യപ്പെട്ട് ഇവർ ഡിജിപിയ്ക്കും മറ്റും പരാതി നൽകുകയും മാധ്യമങ്ങളെ അറിയിക്കുകയുമായിരുന്നുവെന്ന് കുറത്തിക്കാട് എസ്എച്ച്ഒ പറയുന്നു.

മൂന്നാമത്തെ വിവാഹമാണു യുവതിയുടേതെന്നും  രണ്ടാം വിവാഹമാണ് ഭർത്താവിന്റേതെന്നും പൊലീസ് പറ​ഞ്ഞു.