ഉത്രയുടെ കൊലപാതകി സൂരജിനേക്കാൾ വലിയ ഭീകരനായിരുന്നു പാമ്പുപിടുത്തക്കാരൻ സുരേഷ്: പിടികൂടുന്ന പാമ്പുകളെ ജനവാസമേഖലകളിൽ ഇറക്കി വിടുന്ന പതിവുണ്ടായിരുന്നതായി സുരേഷിൻ്റെ വെളിപ്പെടുത്തൽ

single-img
19 June 2020

പാമ്പുകടിയേറ്റ് ഉത്ര മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. താൻ പിടിക്കുന്ന പാ്പുകളെ ആള്‍ക്കാരുടെ താമസ സ്ഥലങ്ങളില്‍ ഇറക്കിവിടുന്ന പതിവ് ഉണ്ടായിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥരോട് സുരേഷ് പറഞ്ഞു.  മുമ്പ് വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍പാമ്പിൻ്റെ കുഞ്ഞുങ്ങളെ ചാത്തന്നൂര്‍ അടുതല പാലത്തിന് സമീപം ഇറക്കിവിട്ടതായും കണ്ടെത്തി.

ഉത്രയെ ആദ്യം കടിച്ച അണലിയെ കല്ലുവാതുക്കലുള്ള ശാസ്ത്രിമുക്കിലെ ഒരു പുരയിടത്ത് നിന്നും ഇയാള്‍ പിടികൂടിയത്.ചാത്തന്നൂരിലെ എസ്ബിഐ യ്ക്ക് സമീപത്ത് വെച്ചായിരുന്നു സുരേഷ് പാമ്പുകളെ സൂരജിന് കൈമാറിയത്. ഇക്കാര്യം ഉറപ്പുവരുത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ സുരേഷിന്റെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നതു വാർത്തയായിരുന്നു. 

ഈ മൂർഖൻ പാമ്പിനെ വനപാലകര്‍ വനത്തില്‍ കൊണ്ടുപോയി വിടുകയാണ് ചെയ്തത്. മന്യഷ്യന് ഉപദ്രവമാകുന്ന രീതിയില്‍ പാമ്പുകളെ ഉപയോഗിച്ചിരുന്നയാളാണ് സുരേഷെന്നാണ് വനപാലകർ പറയുന്നത്. ഉത്ര മരിക്കുന്നതിന് മുമ്പും ഇത്തരം  പ്രവര്‍ത്തികള്‍ സുരേഷ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രസ്തുത കേസില്‍ മുമ്പ് സൂരജും സുരേഷും വനംവകുപ്പിന് നല്‍കിയ മൊഴികളും പരിശോധിക്കുന്നുണ്ട്. അണലിയെയും മൂര്‍ഖനെയുമാണ് സൂരജിന് സുരേഷ് കൈമാറിയത്. എന്നാൽ നാലു സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകളില്‍ എവിടെ നിന്നും പിടിച്ച പാമ്പിനെയാണ് സൂരജിന് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നാണ് സുരേഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. നാലു സ്ഥലത്തും പോലീസ് സുരേഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയുണ്ടായി. 

കേസില്‍ അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന രീതിയിലുള്ള മൊഴികളായിരുന്നു രണ്ടു പേരും ആദ്യം നല്‍കിയത്. അതുകൊണ്ടു തന്നെ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. വീടിൻ്റെ സമീപത്ത് നിന്നും ലഭിച്ച ടിന്നിലെ പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ദേഹത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളും കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങളുമായിരുന്നു പരിശോധിച്ചത്.

സൂരജിന് എതിരായ ശക്തമായ തെളിവാണിതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ. സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടു വന്ന അതേ പാമ്പാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു. പാമ്പിനെ പിടികൂടി വിൽപന നടത്തി, തല്ലിക്കൊന്നു എന്നീ കുറ്റങ്ങളും രണ്ടു പേര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്.