ഇന്ത്യൻ സെെനികർക്കു നേരേ ചെെനക്കാർ നടത്തിയത് പെെശാചികമായ ആക്രമണം: ആയുധത്തിൻ്റെ ചിത്രം പുറത്തു വിട്ട് ബിബിസി

single-img
19 June 2020

ലഡാക് അതിർത്തിയിലെ ഇന്ത്യ- ചെെന സംഘർഷത്തിനിടെ ജീവൻപൊലിഞ്ഞ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായെന്ന് തെളിവുകൾ. ഇന്ത്യൻ സെെനികരുടെ മൃതദേഹങ്ങൾ വികൃതമായ നിലയിലാണ് കണ്ടെടുത്തത്. ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ ചൈനീസ് സൈനികർ ഉപയോഗിച്ച മാരകായുധത്തിന്റെ ചിത്രം ബി.ബി.സി പുറത്തുവിട്ടിരുന്നു. 

ആണികൾ വെൽഡ് ചെയ്‌തു പിടിപ്പിച്ച ഇരുമ്പ് ദണ്ഡുകളാണ് ചിത്രത്തിൽ കാണുന്നത്. ഇന്ത്യ – ചൈന അതിർത്തിയിലെ ഒരു സീനിയ‍ർ ഇന്ത്യൻ സൈനിക ഓഫീസറാണ് ചൈനീസ് സൈനികർ ഉപയോഗിച്ച ആയുധം എന്ന കുറിപ്പോടെ ഈ ചിത്രം തങ്ങൾക്ക് അയച്ചുനൽകിയതെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയും സംഘർഷം ലഘൂകരിക്കാൻ മേജർ ജനറൽ തലത്തിൽ ഇരുപക്ഷത്തെയും ഓഫീസർമാർ ആറുമണിക്കൂർ കൂടിക്കാഴ്‌ച നടത്തിയെങ്കിലും സൈന്യങ്ങളെ പിൻവലിക്കുന്നതിൽ തീരുമാനമായില്ല. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ലഡാക് മേഖലകളിൽ ഇന്ത്യ കൂടുതൽ സേനയെ വിന്യസിച്ചുകഴിഞ്ഞു. ചൊവ്വാഴ്‌ച പകൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ മലയിടുക്കിലും നദിയിലും നിന്നുമായി ലഭിച്ചത്. ചൈനക്കാരുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായ പലരുടെയും മുഖവും ശരീരഭാഗങ്ങളും മുറിവേറ്റ് വികൃതമായിരുന്നു. 

ലേ ബേസ് ക്യാമ്പിലെ സൈനികർ തിരിച്ചടിക്കണമെന്ന വാശിയിലാണെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഇവിടത്തെ മൂന്ന് ഡിവിഷണൽ കമാൻഡമാർ ലേ കോർ കമാൻഡർക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്നുണ്ട്.സംഭവത്തിനുശേഷം ചില ഇന്ത്യൻ സൈനികരെ കാണാതായെന്ന ന്യൂയോർക്ക് ടൈംസ് പത്രത്തിലെ വാർത്ത ശരിയല്ലെന്നും പരിക്കേറ്റ നാല് സൈനികർ അപകടനില തരണം ചെയ്‌തെന്നും കരസേന അറിയിച്ചിട്ടുണ്ട്.