2017ൽ ഇന്ത്യയുടെ സുഖോയ് വിമാനം വീഴ്ത്തിയത് ചെെനയാണെന്ന സംശയം ഉയരുന്നു

single-img
18 June 2020

അസമിലെ ചൈനീസ് അതിർത്തിയിൽ നിരീക്ഷണ പറക്കലിനിടെ തകർന്നുവീണ സുഖോയ് യുദ്ധവിമാനം വീഴ്ത്തിയത് ചെെനയാണെന്ന സംശയം ഉയരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് ഗൗരിനഗർ അളകയിൽ ഫ്ലൈറ്റ് ലഫ്‌റ്റനന്റ് എസ്.അച്ചുദേവ് പറത്തിയതാണ് വിമാനം. ഇപ്പോൾ ലഡാക്കിലെ സംഘർഷത്തിന് തുടക്കമിട്ട റോഡുനിർമ്മാണം പോലെ, അസമിൽ ബ്രഹ്‌മപുത്രയ്ക്ക് കുറുകെ 9.15കിലോമീറ്ററിൽ ഇന്ത്യ ദോളസാദിയ പാലം നിർമ്മിച്ചതിന്റെ പ്രകോപനത്തിലായിരുന്നു അന്ന് ചൈന വിമാനം വീഴ്ത്തിയതെന്നാണ് ഊഹം. 

 പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുൻപുള്ള നിരീക്ഷണത്തിനിടെയാണ് വിമാനം തകർന്നത്. അന്വേഷണത്തിന് വ്യോമസേന കോർട്ട് ഒഫ് എൻക്വയറി പ്രഖ്യാപിച്ചെങ്കിലും, റിപ്പോർട്ടായില്ല. അപകട കാരണം കണ്ടെത്തണമെന്ന് അച്ചുദേവിന്റെ മാതാപിതാക്കൾ രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. വിമാനത്തിലെ കമ്പ്യൂട്ടർ സംവിധാനം ചൈന ആക്രമിച്ചതായി ന്യൂയോർക്കിലെ സൈബർ വിദഗ്ദ്ധർ അന്ന് കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

വിമാനം ചൈന റാഞ്ചിയതാണോ, ചൈനീസ് ആക്രമണമാണോയെന്ന കാര്യത്തിൽ സൈന്യത്തിനും സംശയമുണ്ടായിരുന്നു. കാണാതായി ഒരാഴ്ച കഴിഞ്ഞാണ് ചൈനീസ് അതിർത്തിക്ക് തൊട്ടടുത്ത് അസം-അരുണാചൽ വനമേഖലയിൽ പോർവിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മുനമ്പിൽ, ‘ദക്ഷിണ ടിബറ്റ്’ എന്ന് ചൈന വിളിക്കുന്ന അരുണാചൽ അതിർത്തിയിൽ കണ്ണിമ ചിമ്മാതെ നിരീക്ഷണം നടത്തിയിരുന്ന പോർവിമാനം തകർന്നതാണ് ചൈനയെ സംശയിക്കാൻ കാരണം. 

അരുണാചലിലെ ബിസ്വാന്ത് ജില്ലയിലെ ഗോഹ്‌പൂർ സബ്ഡിവിഷനിലെ ദുബിയയ്ക്കു മേൽ പറക്കുമ്പോഴാണ് യുദ്ധവിമാനത്തിന്റെ റഡാർ, റേഡിയോ ബന്ധങ്ങൾ നഷ്‌ടമായത്. യുദ്ധവിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ട പശ്ചിമ കാമെങ് ജില്ലയ്ക്ക് തൊട്ടടുത്താണ് ഭൂട്ടാൻ അതിർത്തി. ഇവിടേക്ക് ചൈനയുടെ റോഡുനിർമ്മാണത്തെത്തുടർന്ന് അതിർത്തിയിലേക്ക് ഇന്ത്യ വൻതോതിൽ സൈനികനീക്കം നടത്തുന്നതിനിടെ വിമാനം തകർന്നതും അട്ടിമറിസാദ്ധ്യത വർദ്ധിപ്പിച്ചു.

വ്യോമസേനയുടെ മുൻനിര യുദ്ധവിമാനമായ സുഖോയിൽ അടിയന്തരസാഹചര്യങ്ങളിൽ പൈലറ്റുമാരെ സീറ്റടക്കം കോക്‌പിറ്റിൽ നിന്ന് പുറന്തള്ളാനും(ഇജക്ഷൻ) പാരച്യൂട്ട് തുറക്കാനുമുള്ള ഓട്ടോമാറ്റിക് സംവിധാനമുണ്ട്. സുരക്ഷാ, ഇജക്ഷൻ സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിരുന്നതും ദുരൂഹമായി.