ചെെന ഇന്ത്യയ്ക്ക് എതിരെ ആയുധമെടുത്തിട്ടുള്ളത് അമേരിക്ക ക്ഷീണിതരാകുമ്പോൾ മാത്രം: 1962 ലും സ്ഥിതി ഇതുതന്നെയായിരുന്നു

single-img
17 June 2020

അതിർത്തിയിൽ ഇന്ത്യ- ചെെന സംഘർഷം നടക്കുകയാണ്. സംഘർഷത്തിൽ ഇരുഭാഗങ്ങളിലും നിരവധി ജീവനുകളും നഷ്ടപ്പെട്ടു കഴിഞ്ഞു. എന്നാൽ ചെെനയുടെ ഇപ്പോഴത്തെ നടപടി ഒരുതരത്തിലും ഇന്ത്യയുമായുള്ള യുദ്ധത്തിലേക്ക് പോകില്ലെന്നാണ് ഇന്ത്യയുടെ മുൻ അംബാസഡറായ ടിപി ശ്രീനിവരാസൻ പറയുന്നത്. 

അവർ ഇപ്പോൾ നൽകുന്നത് ഒരു സൂചന മാത്രമാണ്. തങ്ങളോട് നന്നായി പെരുമാറിയില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്ന സൂചനയാണിത്. ചൈനയിൽ നിന്ന് വിട്ടുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോകുന്നുവെന്നും അവർക്ക് അതിന് ഇളവ് നൽകുമെന്നും ചൈനയെ നമ്മൾ ബഹിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകളും കൂടിച്ചേർന്നുള്ള പ്രതികാരമാണ് ചൈന ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചൈന ഒരു യുദ്ധത്തിലേക്ക് പോയിട്ടില്ല- ടിപി ശ്രീനിവാസൻ പറയുന്നു. 

അമേരിക്ക ക്ഷീണിതരാകുമ്പോൾ മാത്രമാണ് ചൈന ഇന്ത്യയുമായി ഇടയുന്നതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർക്കുന്നു. 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ അമേരിക്ക- ക്യൂബ പ്രതിസന്ധി നടക്കുകയായിരുന്നു. ഇല്ലെങ്കിൽ അന്ന് യുദ്ധത്തിന് മുമ്പ് തന്നെ യു.എസ് ഇടപെടുമായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. 

ഇന്ത്യയും ചൈനയും തമ്മിൽ ഒരു ആണവയുദ്ധം നടക്കില്ല. ലോകം അതിന് അനുവദിക്കില്ല. യുദ്ധമുണ്ടായാൽ നഷ്ടം ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമല്ല,​ ലോകത്തിനും കൂടിയാണ്. അതിനാൽ തന്നെ മുൻകാലങ്ങളിലെപ്പോലെ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും നല്ല സൗഹൃദത്തിലാണെന്നുള്ള കാര്യവും ശ്രീനിവാസൻ ചൂണ്ടിക്കാട്ടുന്നു. 

 സംഘർഷം സൈനികതലത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിൽ ഹോട്ട്‌ലൈൻ ബന്ധമുണ്ടല്ലോ. മോദി തന്നെ മുൻകൈയെടുത്ത് ഷീയെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും അങ്ങനെ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. എന്നാൽ,​ ഇന്ത്യ- ചൈന ബന്ധം വഷളാകുന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്നതാണെന്നും ശ്രീനിവാസൻ പറഞ്ഞു.