കോവിഡ് രോഗവ്യാപനം അതിരൂക്ഷം: ഡൽഹിയുടെ നിയന്ത്രണം കെജ്രിവാളിൽ നിന്നും അമിത്ഷായിലേക്ക്

single-img
15 June 2020

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ ഇടപെടൽ. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹായിക്കാനായി ആറ്‌ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനു വിട്ടുകൊടുക്കും. രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ 500 റെയിൽവേ കോച്ചുകൾ സജ്ജമാക്കും. ആറു ദിവസത്തിനകം തലസ്ഥാനമേഖലയിലെ കോവിഡ് പരിശോധനാശേഷി മുന്നുമടങ്ങ് കൂട്ടും. 

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ.തലസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കുകയും രോഗികളുടെ എണ്ണം നാല്പതിനായിരത്തോട് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ.

തലസ്ഥാനത്തെ മൂന്ന് നഗരസഭകളിലെ മേയർമാരുടെ യോഗവും അമിത് ഷാ പ്രത്യേകം വിളിച്ചിരുന്നു. തിങ്കളാഴ്ച തലസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളെ ഉൾക്കൊള്ളിച്ച് സർവകക്ഷിയോഗവും അദ്ദേഹം വിളിച്ചിട്ടുണ്ട്.