ചൊവ്വാഴ്ച കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രയിൻ ഇന്ന് നാഗാലാൻഡിലെത്തും: 966 പേരുടെ യാത്രയ്ക്കും ഭക്ഷണത്തിനുമായി നാഗാലാൻഡ് റെയിലവേയ്ക്കു നൽകിയത് 17.42 ലക്ഷം രൂപ

single-img
13 June 2020

കേരളത്തിൽനിന്ന് അതിഥിത്തൊഴിലാളികളുമായി ചൊവ്വാഴ്ച പുറപ്പെട്ട സ്പെഷ്യൽ ശ്രമിക് തീവണ്ടി ഇന്ന് നാഗാലാൻഡിലെത്തും. ഈ തീവണ്ടി നാഗാലാൻഡിലെത്തുമ്പോൾ ഇന്ത്യൻ റെയിൽവേ തങ്ങളുടെ ചരിത്രത്തിൽ പതിയൊരു റിക്കോർഡു കൂടി എഴുതിച്ചേർക്കുകയാണ്.  രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടിയാത്ര എന്ന റെക്കോഡാണ് അത്. 

നാല്‌ ദിവസത്തിനിടെ, എട്ട് സംസ്ഥാനങ്ങളിലൂടെ ഈ വണ്ടി താണ്ടിയത് 4,322 കിലോമീറ്ററാണ്. നിശ്ചയിച്ചപോലെ രാവിലെ 5.30-ന് ദിമാപുരിലെത്തിയാൽത്തന്നെ 86 മണിക്കൂറാകും. കോവിഡ് കാലത്ത് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടന്ന 966 പേരാണ് ഈ തീവണ്ടിയിലൂടെ തങ്ങളുടെ സ്വന്തം നാട്ടിലെത്തുന്നത്. 

നാഗാലാൻഡ് സർക്കാരിനുവേണ്ടി ഈ ചരിത്രദൗത്യത്തിന്റെ ചുക്കാൻപിടിച്ചത് മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദലി ശിഹാബ് എന്ന ഐ.എ.എസ്സുകാരനാണ്. നാഗാലാൻഡ് ഊർജ വിഭാഗം അഡീഷണൽ സെക്രട്ടറിയായ അദ്ദേഹത്തിനാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നാഗാലാൻഡുകാരെ തിരിച്ചെത്തിക്കുന്ന ചുമതല.

ഏറെ വെല്ലുവിളിയുള്ള ദൗത്യമാണ് പൂർത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പലരും ജോലി നഷ്ടപ്പെട്ട നിരാശയിലാണ് തിരിച്ചെത്തുന്നത്. ഇവർക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കുന്നുണ്ട്.’ -മുഹമ്മദലി ശിഹാബ് പറഞ്ഞു. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് രണ്ട് തീവണ്ടികളിലായി 2,900 പേരെയും നേരത്തേ നാഗാലാൻഡിൽ തിരിച്ചെത്തിച്ചിരുന്നു.

കേരളത്തിന്റെ സഹകരണത്തോടെ നാഗാലാൻഡ് സംസ്ഥാന സർക്കാരാണ് പ്രത്യേക തീവണ്ടി ഒരുക്കിയത്. യാത്രാച്ചെലവായി നാഗാലാൻഡ് സർക്കാർ റെയിൽവേയിൽ അടച്ചത് 17.42 ലക്ഷം രൂപയാണ്. യാത്രക്കാർക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യമായി നൽകുകയും ചെയ്തു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35-ന് 334 നാഗാലാൻഡ് സ്വദേശികളുമായാണ് തിരുവനന്തപുരത്തുനിന്ന് ചരിത്രയാത്ര തുടങ്ങിയത്. എറണാകുളത്തുനിന്ന് 117 പേരും പാലക്കാട്ടുനിന്ന് 44 പേരും കയറിയതോടെ കേരളത്തിൽനിന്ന് മടങ്ങുന്നവരുടെ എണ്ണം 495 ആയി. തമിഴ്‌നാട് (264), തെലുങ്കാന (203), ആന്ധ്രപ്രദേശ് (നാല്) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കയറി. നാല് സംസ്ഥാനങ്ങളിലുമായി ഏഴ് സ്റ്റോപ്പുകളുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെയുള്ള വിവേക് എക്സ്‌പ്രസാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടി സർവീസ്. 4,282 കിലോമീറ്ററാണ് ദൂരം. യാത്രാസമയം 79 മണിക്കൂർ. ഇതിനേക്കാൾ 40 കിലോമീറ്റർ കൂടുതൽ ഓടിയാണ് ശ്രമിക് തീവണ്ടി റെക്കോഡ്‌ മറികടക്കുന്നത്. 203 പേരെ കയറ്റാനായി സെക്കന്തരാബാദ് വഴി തിരിച്ചുവിട്ടതാണ് ദൂരം കൂടാൻ കാരണമായി റെയിൽവേ പറയുന്നത്.