കൊവിഡ്: സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു; അടിയന്തര രൂപരേഖ തയ്യാറാക്കും

single-img
13 June 2020

കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.

ഇനിയുള്ള മാസങ്ങളില്‍ രാജ്യമാകെ ചികിത്സ സൗകര്യങ്ങള്‍ കൂട്ടേണ്ടതിന്‍റെ ആവശ്യകത ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അതിന്റെ ഭാഗമായി അടിയന്തര രൂപരേഖ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം വിലയിരുത്തി.

ദിനംപ്രതി രോഗികൾ വർദ്ധിക്കുന്ന ഡൽഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ 36,000 ത്തില്‍ പരം രോഗബാധിതരാണ് ദില്ലിയിലുള്ളത്. മരണ സംഖ്യയാവട്ടെ 1500 ഓട് അടുത്തു.