ഇൻസുലേഷൻ ടേപ്പിനാല്‍ വായ ബന്ധിച്ച നിലയിൽ തെരുവുനായ; 2 ആഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി

single-img
11 June 2020

തെരുവ്നായയുടെ വായ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുകി കെട്ടി തൃശൂരിലെ ഒല്ലൂരില്‍ അജ്ഞാതർ തെരുവിൽ ഉപേക്ഷിച്ചു. അല്പം കുടിനീരിറക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത വിധത്തിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് നായയുടെ വായ ശക്തമായി വരിഞ്ഞു മുറുക്കിയിരുന്നു.

രണ്ട് ആഴ്ചയാണ ഈ മിണ്ടാപ്രാണി ഈ വിധത്തിൽ തെരുവിൽ അലഞ്ഞത്. അവസാനം ഒരു മൃഗസ്നേഹി തൃശൂരിലെ പൗസ് എന്ന സംഘടനയെ വിവരം അറിയിക്കുകയും അവർ നായയെ രക്ഷിക്കുകയുമായിരുന്നു. അവര്‍ നായയെ ഷെൽറ്റർ ഹോമിൽ കൊണ്ടുവന്ന് ഇൻസുലേഷൻ ടേപ്പുകൾ മുറിച്ചുനീക്കി.

നായയുടെ ചർമവുമായി ഒട്ടിപ്പോയതിനാൽ ഏറെ പണിപ്പെട്ടാണ് അവ നീക്കിയത്. പല സ്ഥലങ്ങളിലും രോമവും തൊലിയും അടർന്നു പോയി. മരുന്നുകള്‍ വെച്ചുകെട്ടി നായയെ ഇപ്പോൾ ഷെൽറ്റർ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സംഭവത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും പൗസ് സംഘടന പ്രതിനിധി പ്രീതി അറിയിച്ചു.