മുംബൈയിൽ ആശുപത്രികളിലെ ഐസിയു വാർഡുകൾ നിറഞ്ഞു; അഭിമുഖീകരിക്കുന്നത് വലിയ വെല്ലുവിളി

single-img
10 June 2020

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്ര ഇപ്പോൾ അഭിമുഖീകരിക്കുന്നത് മുംബൈ നഗരത്തിലെ ആശുപത്രികളിൽ ഐസിയു വാർഡുകൾ നിറഞ്ഞതാണ്. ഇതോടുകൂടി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും കുടുംബാംഗങ്ങൾക്കും മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.

നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെഅത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഇപ്പോൾ ഉപയോഗിക്കുന്ന ഐസിയുവിൽനിന്നോ വെന്റിലേറ്ററിൽനിന്നോ രോഗികൾ മുക്തി നേടി തിരികെയെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ ഓരോ ദിവസവും പുതിയതായി ചികിത്സ തേടേണ്ടവരുടെ കാത്തിരിപ്പ് വീണ്ടും നീളും. ഇവിടേക്ക് അടിയന്തരമായി കൂടുതൽ ഐസിയു സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ മരണനിരക്ക് വീണ്ടും ഉയരുമെന്നാണ് ഇതു നൽകുന്ന അപകടകരമായ സൂചന.

അതേപോലെ തന്നെ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെയും ഐസിയു കൈകാര്യം ചെയ്യാൻ പറ്റിയ നഴ്സുമാരുടെയും അഭാവമാണ് നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. മികച്ച രീതിയിൽ തന്നെ ഐസിയു ഒരുക്കാൻ സംവിധാനമുണ്ടായിട്ടും ആരോഗ്യപ്രവർത്തകർ ഇല്ലാത്തതിനാൽ അവ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുള്ള ആശുപത്രികളും ഇവിടെയുണ്ട്.

ഇതിന് ഉദാഹരണമായി അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ 200ൽ അധികം ഐസിയു കിടക്കകൾ ഒരുക്കാനുള്ള സംവിധാനമുണ്ടെന്നിരിക്കെ, ആരോഗ്യപ്രവർത്തകരുടെ അഭാവം മൂലം നൂറിൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കേരള മെഡിക്കൽ സംഘത്തെ നയിക്കുന്ന ഡോ. സന്തോഷ്കുമാർ പറയുന്നു. സംസ്ഥാനത്താകെ വളരെ അത്യാവശ്യം എന്നു തോന്നുവരെ മാത്രമേ ഐസിയുവിലേക്കു മാറ്റേണ്ടതുള്ളൂ എന്നതടക്കം കർശന നിർദേശം ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.