ലോക്ക് ഡൗണും ഹോം ക്വാറന്റൈനും വില്ലനാകുന്നു; സൗദിയില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നു

single-img
7 June 2020

കൊറോണ വ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും മുന്‍കരുതലുകളും തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിവാഹ മോചനം, ഖുല്‍അ എന്നിവ ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ 30 ശതമാനം വര്‍ധിച്ചതായി ‘ഗള്‍ഫ് ന്യൂസി’നെ ഉദ്ധരിച്ച് ‘സൗദി ഗസറ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈഫെബ്രുവരിയില്‍ 13,000 വിവാഹങ്ങളാണ് സൗദിയില്‍ നിയമപ്രകാരം നടന്നത്. എന്നാൽ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതേ മാസം തന്നെ 7,482 വിവാഹ മോചന കരാറുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ വിവാഹ മോചന കേസുകളിൽ വിവാഹമൂല്യം(മഹര്‍)തിരികെ നല്‍കി കൊണ്ട് സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തുന്ന ഖുല്‍ഉം ഉള്‍പ്പെടുന്നു.ഇത് പ്രകാരം വിവാഹ സമയത്ത് പുരുഷന്‍ നല്‍കുന്ന മഹറുള്‍പ്പെടെ സ്വീകരിച്ച വസ്തുക്കള്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെയോ കോടതി ഉത്തരവ് പ്രകാരമോ തിരികെ നല്‍കി ബന്ധം വേര്‍പെടുത്താം.

ബന്ധം പിരിയാൻ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ ശക്തമായ കാരണമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാതെയും വിവാഹ ബന്ധം വേര്‍പെടുത്താം. ഇതിലെല്ലാം രസകരം വിവാഹത്തിന് ശേഷം ഭര്‍ത്താവ് രഹസ്യമായി മറ്റ് സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതാണ് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരായ സ്ത്രീകളെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നതെന്ന കണ്ടെത്തലാണ്.

പ്രമുഖ അറബിക് മാധ്യമമായ ‘ഒക്കാസി’നെ ഉദ്ധരിച്ച് ‘സൗദി ഗസറ്റ്’ റിപ്പോര്‍ട്ടില്‍ അത് ചൂണ്ടിക്കാണിക്കുന്നു. കൊറോണയും ലോക്ക് ഡൗണും ഹോം ക്വാറന്റൈനുമാണ് ഇത്തരത്തിലുള്ള വിവാഹ മോചന കേസുകള്‍ പുറത്തെത്തിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.