ലോക്ക് ഡൌണില്‍ ജര്‍മ്മനിയില്‍ കുടുങ്ങി; മൂന്ന് മാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി വിശ്വനാഥന്‍ ആനന്ദ്

single-img
31 May 2020

മുന്‍ ലോക ചെസ് ചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നീണ്ട മൂന്ന് മാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. ലോകവ്യാപകമായുള്ള കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസം ജര്‍മനിയില്‍ കുടുങ്ങിയ ശേഷമാണ് ആനന്ദിന്റെ ഇപ്പോഴത്തെ തിരിച്ചുവരവ്.

ആനന്ദ് തിരികെ എത്തിയ വിവരം അദ്ദേഹത്തിന്റെ ഭാര്യ അരുണയാണ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലും അവിടെ നിന്നും ബംഗളൂരുവിലുമാണ് ആനന്ദ് എത്തിയത്. നാട്ടില്‍ തിരിച്ചെത്തി എങ്കിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസം അദ്ദേഹം ക്വാറന്റീനില്‍ കഴിയണം.

ജർമ്മനിയിൽ നടന്ന ബുണ്ടസ്ലീഗ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ജര്‍മനിയിലേക്ക് പോയത്. മത്സരശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോകത്ത് ആകെ കോവിഡ് പടര്‍ന്നുപിടിച്ചത്. അതോടുകൂടി യാത്രാവിലക്ക് വരികയും ആനന്ദ് ജര്‍മനിയില്‍ കുടുങ്ങുകയായിരുന്നു. തിരികെ എത്തിയ ആനന്ദ്ചെന്നൈയിലെ വീട്ടിലാവും ക്വാറന്റീനില്‍ കഴിയുക.