ഉത്രയുടെ മരണശേഷം സൂരജ് ഭയന്നിരുന്നുവെന്നു വെളിപ്പെടുത്തി സൂരജിൻ്റെ സുഹൃത്തിൻ്റെ മൊഴി

single-img
29 May 2020

ഉത്രയെ കൊല്ലാനായി പാമ്പുകളെ വാങ്ങിയ കാര്യം സൂരജ് സുഹൃത്തിനോട് പറഞ്ഞിരുന്നതായി വ്യക്തമാക്കി സുഹൃത്തിൻ്റെ മൊഴി. ഉത്രയുടെ മരണശേഷം സൂരജ് ഭയന്നിരുന്നതായും ഈ വിവരം ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം അറിഞ്ഞതെന്നുമാണ് സൂരജിന്റെ സുഹൃത്ത് മൊഴി നൽകിയിരിക്കുന്നത്. 

പാമ്പുകളെ വാങ്ങിയ കാര്യവും അപ്പോഴാണ് അറിയുന്നതെന്നും സുഹൃത്ത് പറഞ്ഞു. സൂരജിന്റെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തിട്ടുള്ളത്. സുഹൃത്തിനെയും സൂരജ് ഗുളിക വാങ്ങിയ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെയും അടക്കം പോലീസ് ചോദ്യം ചെയ്തു. 

ഉത്രയുടെ മരണത്തില്‍ താന്‍ പിടിക്കപ്പെടുമെന്ന് സൂരജ് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി വക്കീലിനെയും കണ്ടിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് സൂരജ് പിടിയിലായത്.

വക്കീലിന്റെ നിര്‍ദേശപ്രകാരമാവാം സൂരജ് തെളിവെടുപ്പ് സമയത്ത് കുറ്റം സമ്മതിച്ചതും. അഭിഭാഷകനെ കാണാന്‍ സൂരജ് പോയതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം സൂരജിന്റെ ജാമ്യത്തിനായി വീട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. സെഷന്‍സ് കോടതി ജാമ്യം നിരസിക്കുമെന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.