എല്ലാം തിരിച്ചു കൊടുത്ത് പാപ്പരാകുമെന്നു ഭയന്നു: സൂരജിൻ്റെ കുറ്റസമ്മത മൊഴി പുറത്ത്

single-img
27 May 2020

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്തായി. ഭാര്യ ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സൂരജ് പൊലീസിനോട് വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തായിരിക്കുന്നത്. ഉത്രയുടെ വീട്ടുകാര്‍ വിവാഹമോചനം ആവശ്യപ്പെട്ടതിൻ്റെ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സൂരജ് പൊലീസിനോട് മൊഴിയിൽ പറയുന്നുണ്ട്. 

വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നു. സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്നതിനാല്‍ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവന്‍, 5 ലക്ഷം രൂപ, കാര്‍, പിതാവിനു നല്‍കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്‍കേണ്ടി വരുമെന്നതായിരുന്നു കൊലപാതകം നടത്താൻ കാരണം. 

2018 മാര്‍ച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം വഴക്ക് തുടങ്ങി. കഴിഞ്ഞ ജനുവരിയില്‍ സൂരജും ഉത്രയും തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു. ഇതാണ് സൂരജിനെ കൊലപാതകത്തിലേക്ക് നയിച്ചത്. 

വിവാഹമോചനമുണ്ടാകുമെന്ന ഘട്ടം വന്നതോടെ സൂരജ് അനുനയത്തിന്റെ പാതയിലായി. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.