മഞ്ചേരിയിൽ മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ല, മരിച്ചത് ചികിത്സാ പിഴവു മൂലം: വ്യക്തമാക്കി മാതാപിതാക്കൾ

single-img
27 May 2020

മഞ്ചേരിയില്‍ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയ്ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍.  ചികിത്സാ പിഴവുകൊണ്ടാണ് കുട്ടി മരിച്ചതെന്നും പരിശോധനയില്‍ സംഭവിച്ച പിഴവ് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വ്യക്തമാക്കി കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി. 

ഏപ്രില്‍ 24നാണ് നാലുമാസം പ്രായമുള്ള പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചതെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നത്്

കുട്ടിയുടെ കോവിഡ് ഫലം പോസറ്റീവായതില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ സ്രവപരിശോനഫലത്തില്‍ നെഗറ്റീവാണന്നോ പോസറ്റീവാണെന്നോ സ്ഥിരികരിച്ചിരുന്നില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞിട്ടും ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.