സിനിമാ സെറ്റ് തകര്‍ത്തതില്‍ ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ല: കെ സുരേന്ദ്രൻ

single-img
25 May 2020

ആലുവയിൽ കാലടി മണപ്പുറത്തുണ്ടായിരുന്ന മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തിൽ ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അനാവശ്യമായി മാധ്യമങ്ങളും വിമർശകരും പ്രശ്നം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം സംഭവം ആലുവ റൂറൽ എസ്പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോനും നേതൃത്വം നൽകുന്ന പ്രത്യേക സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു. സിനിമയ്ക്കായി സെറ്റ് നിർമിക്കാൻ അനുമതി നൽകിയിരുന്നതായി കാലടി ശിവരാത്രി ആഘോഷ സമിതി അറിയിച്ചു.

സെറ്റ് പൊളിച്ചവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സിനിമ സംഘടനകൾ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. സെറ്റ് തകർക്കപ്പെട്ടതിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.