ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കൊറോണ വ്യാപിക്കുന്നത് ഇന്ത്യയിൽ: പാകിസ്താൻ അതിനും പിന്നിലെന്ന് പഠന റിപ്പോർട്ട്

single-img
20 May 2020

ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ രോഗം പടരുന്ന രാജ്യം ഇന്ത്യയാണെന്ന് പഠന റിപ്പോര്‍ട്ട്. കൊറോണവൈറസ് ബാധിതര്‍ ഒരു ലക്ഷം കടന്ന രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിൻ്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിന്റെ തുടക്കത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഡീഷണല്‍ പ്രൊഫ.രാജ്‌മോഹന്‍ പാണ്ഡ പറഞ്ഞു.

1,01,328 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോള്‍ ഇന്ത്യയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കില്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോര്‍ട്ട് ചെയത അയല്‍ രാജ്യമായ പാകിസ്താനില്‍ ഇതേ കാലയളവില്‍ 19 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.