സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കോവിഡ്, ഇപ്പോഴുള്ളത് സമൂഹവ്യാപനത്തിൻ്റെ സൂചനകളെന്ന് വിദഗ്ദർ

single-img
16 May 2020

മെയ് 17ന് ശേഷം ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ വൈറസ് വ്യാപനം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. നിലവില്‍ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന്റെ സമൂഹവ്യാപനം ഇന്ത്യ കരുതിയിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. യാത്രാ, സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. നമ്മള്‍ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും എയിംസ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവിയും ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വലിയതോതില്‍ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുന്‍കരുതല്‍ നടപടികളെടുക്കണം. കോവിഡ് ഇത്തരത്തില്‍ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണനിരക്കുകള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ താരതമ്യേന കുറവാണ്.

ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തില്‍ കൂടുതല്‍ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ മാത്രമായി പിടിച്ചുനില്‍ക്കാന്‍ നമുക്കാകില്ല. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ ജനം കൂടുതലായി പുറത്തിറങ്ങുന്നതോടെ വൈറസ് വ്യാപനം വര്‍ധിക്കുമെന്ന കാര്യം തീർച്ചയാണെന്നും വിദഗ്ദർ പറയുന്നു. 

അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും തുടര്‍ന്നേ പറ്റുകയുള്ളൂ. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണെന്നും വൈറസ് ഈ അടുത്തകാലത്തൊന്നും രാജ്യം വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.