സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് 2019നും മുകളിൽ; കൊവിഡിനിടെ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി വിദഗ്ധർ

single-img
12 May 2020

ലോക്ക്ഡൗൺ മൂലംകേരളത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഇടിഞ്ഞതു മൂലം ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിലും ജലനിരപ്പുണ്ടെന്നത് പ്രതിസന്ധി ഉണ്ടാക്കുന്നു. കൂടാതെ സാധാരണ ലഭിക്കുന്നതിലധികം മൺസൂൺ മഴ ഈ വര്‍ഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സാഹചര്യം ഇതായിരിക്കെ മഴക്കാലം തുടങ്ങുന്നതിനു മുൻപു തന്നെ ഡാമുകള്‍ തുറന്നു വിട്ടു ജലനിരപ്പ് കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അങ്ങിനെ ചെയ്തില്ലെങ്കിൽ മഴ കനക്കുന്നതോടെ ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക ഡാമുകളും തുറക്കേണ്ട അവസ്ഥയാകും ഉണ്ടാകുക. മാത്രമല്ല, സാധാരണ ലഭിക്കുന്നതിലധികം മൺസൂൺ മഴ ഈ വര്‍ഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അടുത്തമാസം ആദ്യവാരം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ കേരളത്തില്‍ ലഭിച്ചു തുടങ്ങുമെന്നും രാജ്യമാകെ ഈ വര്‍ഷം സാധാരണയിലും അധികം മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രളയ പ്രോട്ടോക്കോള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ 2018ല്‍ ഉണ്ടായതു പോലുള്ള പ്രളയം ആവര്‍ത്തിക്കുമെന്നും ഒരു സംഘം ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും സംസ്ഥാന സര്‍ക്കാരിന് ഒരു കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.

ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ പ്രൊഫസര്‍ എസ് സീതാരാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയത്. കേരളത്തിൽ കഴിഞ്ഞ രണ്ട് മൺസൂൺ കാലത്തും ഉണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത് എല്ലാ ഡാമുകളില്‍ ഇപ്പോള്‍ ബാക്കിയുള്ള വെള്ളം ഉപയോഗിച്ച് ആവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നത് തുടര്‍ന്നാലും മെയ് അവസാനം ഡാമുകളില്‍ ഇനിയും വെള്ളം ബാക്കിയുണ്ടാകുമെന്ന അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ നിലവില്‍ 43 ശതമാനമാണ് ജലനിരപ്പ്. 2018 മെയ് അവസാനം ഇത് 25 ശതമാനം മാത്രമായിരുന്നു.

മൺസൂൺ തുടങ്ങാൻ കേവലം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ഇടുക്കി ഡാമില്‍ ഇത്രയും വെള്ളം ബാക്കിയാകുന്നത്. ഈ സാഹചര്യത്തില്‍ ജൂൺ ആദ്യവാരം മുതല്‍ സാധാരണ നിലയിലുള്ള മഴ ലഭിച്ചാല്‍ ഇടുക്കി ഡാം പെട്ടെന്നു നിറയുന്ന അവസ്ഥയുണ്ടാകുമെന്നും ജലനിരപ്പ് 15 ശതമാനത്തിലേയ്ക്ക് താഴ്ത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.