സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ; സംഘപരിവാർ അനുഭാവിയായ മകനുവേണ്ടി നേതാവ് ഇടപെട്ടതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി

single-img
9 May 2020

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കൃഷ്ണപ്രശോഭ് കഞ്ചാവ് കേസിൽ അറസ്റ്റിൽ. ഏപ്രിൽ മാസം 4-നാണ് കുന്നിക്കോട് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് കൃഷ്ണപ്രശോഭ് അടക്കം അഞ്ച് പേരെ കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറുമണിയ്ക്ക് പത്തനാപുരം തലവൂരിനടുത്തുള്ള ഞാറയ്ക്കാട് എന്ന സ്ഥലത്ത് കുന്നിക്കോട് -കുര റോഡിനടുത്തുള്ള ഒരു കടയുടെ സമീപത്തു നിന്നാണ് കുന്നിക്കോട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം 2 ഗ്രാം കഞ്ചാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിനാൽ NDPS( Narcotic Drugs and Psychotropic Substances Act) -ലെ 27(b) വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ഇവാർത്തയോട് പറഞ്ഞു.

ലോക്ക് ഡൌൺ കാലമായതിനാൽ കേസിന്റെ തുടർനടപടികളെല്ലാം പൂർത്തിയായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ഇവർക്ക് എവിടെനിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ലോക്ക്ഡൌൺ ലംഘനം കൂടി നടന്ന സാഹചര്യത്തിൽ കേസ് ലോക്കൽ പൊലീസിന് കൈമാറിയിട്ടില്ല. അക്കാര്യം ആലോചിക്കുന്നതേയുള്ളെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, കൈവശം വെച്ച കഞ്ചാവിന്റെ അളവ് കുറച്ച് കാണിച്ച് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് ആരോപണങ്ങളുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം.

സിപിഐ സംസ്ഥാന അസി. സെക്രട്ടറി പദവിയുടെ സ്വാധീനം ഉപയോഗിച്ച് മകനെ രക്ഷിക്കാൻ പ്രകാശ് ബാബു ശ്രമിച്ചു എന്നാണ് ആരോപണം. മുഖ്യധാരാമാധ്യമങ്ങളിൽ ഈ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാനും ഇദ്ദേഹം ഇടപെട്ടതായും ആരോപണങ്ങളുണ്ട്. കടുത്ത സംഘപരിവാർ അനുഭാവിയായ മകനെ രക്ഷിക്കാൻ പാർട്ടി നേതാവ് എന്നരീതിയിൽ ഇദ്ദേഹം ഇടപെട്ടതിൽ സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിലും അസംതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഘപരിവാർ-ആർഎസ്എസ് നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത്തരം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുന്നയാളാണ് കൃഷ്ണപ്രശോഭ്.