എതിര്‍ ടീമിലെ ബൗളര്‍ ആര്, വേഗമെന്ത് എന്നത് നോക്കാതെ പ്രഹരിക്കുന്ന ഇന്ത്യന്‍ താരം; ബ്രെറ്റ് ലീ പറയുന്നു

single-img
2 May 2020

ഇന്ത്യൻ ടീമിലെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും അതുല്യ ബാറ്റ്‌സ്മാനുമായ വിവിഎസ് ലക്ഷ്മണിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഒരുകാലത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് തന്നെയായിരുന്നു ലക്ഷ്മണ്‍. ധാരാളം തവണയാണ് നാട്ടിലും വിദേശത്തും ടെസ്റ്റില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം രാജ്യത്തെ രക്ഷിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ കരുത്തരായ ഓസ്‌ട്രേലിയയായിരുന്നു ലക്ഷ്മണിന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളി.

അവർക്കെതിരെ കളിക്കുമ്പോള്‍ ലക്ഷ്മണ്‍ ഉയർന്ന ഫോമിലെത്തും. പല മത്സരങ്ങളിലായി ലക്ഷ്മണിനെതിരേ ടെസ്റ്റില്‍നേർക്കുനേർ വന്ന താരമാണ് ലീ. ഇതിൽ കൂടുതല്‍ തവണയും ലക്ഷ്മണ്‍ തന്നെയായിരുന്നു മികച്ചുനിന്നത്. കഴിഞ്ഞ ദിവസം നടന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റെന്ന ഷോയിലാണ് ലക്ഷ്മണിനെ ലീ പ്രശംസിച്ചത്. ഏറ്റവും മികച്ച മികച്ച ബാറ്റിങ് ടെക്‌നിക്കായിരുന്നു ലക്ഷ്മണിന്റേതെന്നു ലീ പറയുന്നു.

ഒരേസമയം കടുപ്പവും മനോഹരവുമായ ഒരു ബാറ്റിങ് ടെക്‌നിക്കായിരുന്നു ലക്ഷ്മണിന്റേത്. തനിക്ക് നേരെ വരുന്ന പന്തിനെ ഒരിക്കലും അദ്ദേഹം പേടിച്ചിരുന്നില്ല. കൂടുതൽ സമയമെടുത്ത്, മനോഹരമായ ഫൂട്ട് മൂവ്‌മെന്റോടെയാണ് ലക്ഷമണ്‍ ഓരോ ഷോട്ടുകളും കളിച്ചിരുന്നതെന്നും ലീ പറയുന്നു. ഓസ്‌ട്രേലിയക്കെതിരെ 29 ടെസ്റ്റുകള്‍ കളിച്ച ലക്ഷ്മണ്‍ 49.61 ശരാശരിയില്‍ 2434 റണ്‍സ് നേടിയിട്ടുണ്ട്.

ഇതിൽ ആറു സെഞ്ച്വറികളും ഉണ്ട് എന്നതാണ് പ്രത്യേകത. 2001 കാലയളവിൽ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 281 റണ്‍സ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റാണ്. ആ മത്സരത്തിൽ ഫോളോഓണ്‍ നേരിട്ട ശേഷം ജയം നേടി ഇന്ത്യ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.