സ്വർണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആവശ്യം; സര്‍ക്കാരിന് കത്ത് നല്‍കി

single-img
1 May 2020

സംസ്ഥാനത്തെ സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സർക്കാരിന് കത്തയച്ചു. ഈ ആവശ്യവുമായി കേരള ചീഫ് സെക്രട്ടറിക്കാണ് അസോസിയേഷൻ കത്ത്നൽകിയത്. ഇളവുകളുടെ ഭാഗമായി പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും സ്വർണാഭരണശാലകൾക്ക് അനുമതി ലഭിച്ചില്ല എന്ന് എകെജിഎസ്എംഎ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇനിയും സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ കലതാമസം ഇല്ലാതെ അനുമതി നൽകണമെന്നാണ് അസോസിയേഷൻ ഉയർത്തുന്ന ആവശ്യം. സംസ്ഥാനത്തെ സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറുകിട വ്യാപാരശാലകളാണ്.ഇവയിൽ 70 ശതമാനവും സ്വയം തൊഴിൽ എന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്.

ലോക്ക് ഡൌൺ കാരണം കഴിഞ്ഞ 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വർണാഭരണശാല ഉടമസ്ഥർ കടക്കെണിയിലേക്കും, അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുകയാണെന്നും അസോസിയേഷന്റെ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറയുന്നു.