കൊറോണയുടെ തോൽവിയുടെ തുടക്കം ഇന്ത്യയിൽ: പ്ലാസ്‌മ തെറാപ്പിക്കു വിധേയനായ കോവിഡ്‌ ബാധിതനു മരണക്കിടക്കയിൽ നിന്നും രോഗമുക്തി

single-img
27 April 2020

രാജ്യത്താദ്യമായി പ്ലാസ്‌മ തെറാപ്പിക്കു വിധേയനായ കോവിഡ്‌ ബാധിതനു രോഗമുക്‌തി. ഡല്‍ഹി സാകേതിലെ മാക്‌സ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 49 വയസുകാരനാണ്‌ രോഗം ഭേദമായത്. രോഗി ഇന്നലെ ആശുപത്രി വിട്ടു. 

ഈ മാസം നാലിനാണ്‌ ഇദ്ദേഹത്തിനു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. ശ്വാസകോശസംബന്ധമായ രോഗമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ നില അനുദിനം വഷളായി. ന്യുമോണിയബാധിച്ചതോടെ കഴിഞ്ഞ എട്ടിനു വെന്റിലേറ്ററിലേക്കു മാറ്റി. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു. 

പ്ലാസ്‌മ ദാനംചെയ്യാനുള്ള ആളെയും ബന്ധുക്കള്‍ത്തന്നെ കണ്ടെത്തി നല്‍കി. തുടര്‍ന്ന്‌ ഏപ്രില്‍ 14-ന്‌ രാത്രി കോവിഡ്‌ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോവിഡ്‌ തെറാപ്പി നടത്തുകയായിരുന്നു. ഇതിനുശേഷം രോഗിയുടെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതിയുണ്ടായതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. പ്ലാസ്‌മ തെറാപ്പി നടത്തി നാലാം ദിവസം രോഗിയെ വെന്റിലേറ്ററില്‍നിന്നു മാറ്റുകയും സ്വയം ശ്വാസോച്‌ഛാസം നടത്തിത്തുടങ്ങുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം മുതല്‍ വായിലൂടെ ഭക്ഷണം കഴിച്ചു തുടങ്ങുകയും കഴിച്ച തിങ്കളാഴ്‌ചയോടെ ഐ.സി.യുവില്‍നിന്ന്‌ മുറിയിലേക്കു മാറ്റുന്ന അവസ്ഥയിലേക്കെത്തി. 

24 മണിക്കൂറിനിടെ രണ്ടു തവണ നടത്തിയ പരിശോധനകളുടെ ഫലവും നെഗറ്റീവ്‌ ആയതോടെ രോഗി കോവിഡ്‌ മുക്‌തനായതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിക്കുകയായിരുന്നു.

അതേസമയം ഒരാള്‍ക്ക്‌ 400 മില്ലി പ്ലാസ്‌മ ദാനം ചെയ്യാന്‍ സാധിക്കുമെന്നും അതു രണ്ടുപേരുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കാമെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.