അന്താരാഷ്‌ട്ര മത്സരങ്ങളിൽ കൂടുതല്‍ തവണ സച്ചിന്റെ വിക്കറ്റെടുത്ത ബൗളര്‍മാര്‍ ആരൊക്കെ എന്നറിയാം

single-img
25 April 2020

തന്റെ ഇതിഹാസ സമാനമായ കരിയറില്‍ അപൂർവം ചില ബൗളര്‍മാര്‍ സച്ചിനെ സ്ഥിരമായി വേട്ടയാടിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതല്‍ തവണ അദ്ദേഹത്തിന് ഡ്രസിങ് റൂമിലേക്ക് വഴി കാണിച്ച ബൗളര്‍മാര്‍ ഇവരാണ്.

സച്ചിന്റെ സ്വന്തം വിക്കറ്റ് വേട്ടക്കാരൻ എന്ന പദവി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീക്ക് അവകാശപ്പെട്ടതാണ്. ലീ തന്റെ കരിയറില്‍ 14 തവണയാണ് സച്ചിനെ വീഴിച്ചത്. ലോകത്തെ മറ്റൊരു ബൗളര്‍ക്കു മുന്നിലും അദ്ദേഹം ഇത്രയും തവണ തല കുനിച്ചിട്ടില്ല.

ഈ ഗണത്തിൽ ലീ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നത് ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്താണെങ്കില്‍ മറ്റൊരാൾ ശ്രീലങ്കയുടെ സ്പിന്‍ രാജാവ് മുത്തയ്യ മുരളീധരനാണ്. രണ്ടുപേരും 13 തവണ വീതം സച്ചിന്റെ വിക്കറ്റെടുത്തിട്ടുണ്ട്. പേസറായ മഗ്രാത്തിന്റെ ബൗളിങിലെ കണിശതയായിരുന്നു സച്ചിനെ വലച്ചിരുന്നത്.

അടുത്തതായി വരുന്നത് ഷോണ്‍ പൊള്ളോക്ക്, ചാമിന്ദ വാസ് എന്നിവരാണ് (ഇരുവരും 9 തവണ) ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസറും നായകനുമായിരുന്നു ഷോണ്‍ പൊള്ളോക്ക് എങ്കിൽ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലാണ് വാസിന്റെ സ്ഥാനം.

അടുത്തത് ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ജെയിംസ് ആന്‍ഡേഴ്‌സനാണ്. വിവിധ ഫോര്‍മാറ്റുകകളിലായി എട്ടു തവണ സച്ചിനെതിരേ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് നേടിയിട്ടുണ്ട്. ഒടുവിലായി വരുന്നത് സിംബാബ്‌വെയില്‍ നിന്നുള്ള ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളും അവരുടെ മുന്‍ നായകനുമായ ഹീത്ത് സ്ട്രീക്കാണ് തന്റെ കരിയറില്‍ ഏഴു തവണയാണ് സ്ട്രീക്കിനു വിക്കറ്റ് സമ്മാനിച്ച് സച്ചിന് മടങ്ങേണ്ടി വന്നത്.