കൊറോണ രോഗി ഓഫീസിലെത്തി കണ്ടു: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ക്വാറൻ്റീനിൽ

single-img
22 April 2020

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്വാറൻ്റീനിലെന്ന് റിപ്പോര്‍ട്ടുകൾ. കോവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപഴകിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പോയതെന്നും ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നുമാണ് റിപ്പോർട്ടുകൾ. 

ഈദി ഫൗണ്ടേഷന്‍ ചെയര്‍മാനായ ഫൈസല്‍ ഈദിയുമായി ഏപ്രില്‍ 15ന് ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഫൈസലിന് കൊറോണ പരിശോധന നടത്തി. പരിശോധനയില്‍ ഫൈസല്‍ കോവിഡ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

ഷൗക്കത്ത് ഖാനൂം മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലെ വിദഗ്ധരാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തത്. പരിശോധനാഫലത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് കാത്തിരിക്കുകയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാന്‍ ഈദി ഫൗണ്ടേഷന്റെ ആംബുലന്‍സുകളാണ് പാകിസ്താനില്‍ ഉപയോഗിക്കുന്നത്. അതുവഴിയുള്ള സമ്പർക്കത്തിലൂടെയായിരിക്കും  ഫൈസല്‍ ഈദിക്ക് രോഗം പകര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.